അക്കാദമി അംഗങ്ങള്‍ അവാര്‍ഡ് സ്വീകരിക്കരുത്
തിരുവനന്തപുരം : ഫിലിം ഫെസ്റിവലുകളില്‍ നിന്നും കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തിപരമായ അവാര്‍ഡുകള്‍ സ്വീകരിക്കരുതെന്ന് ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. അവാര്‍ഡ് സ്വീകരിക്കണമെന്നുണ്ടെങ്കില്‍ കൗണ്‍സില്‍ അംഗത്വം രാജി വയ്ക്കണം. അവാര്‍ഡ് സ്വീകരിക്കില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കിയാലേ വരും വര്‍ഷങ്ങളില്‍ അംഗങ്ങളുടെ ചിത്രങ്ങള്‍ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയുളളൂ.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇത്തവണ ഫിലിം ഫെസ്റിവലില്‍ ഇതു സംബന്ധിച്ച് വിവാദം ഉയര്‍ന്നതിനാലാണ് ഇക്കാര്യത്തില്‍ വ്യക്തമായ മാനദണ്ഡം കൊണ്ടു വരുന്നതെന്ന് അടൂര്‍ പറഞ്ഞു.
അക്കാദമി വൈസ് ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാര്‍, കൗണ്‍സില്‍ അംഗം കമല്‍ എന്നിവരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ ബാലചന്ദ്രമേനോന്‍, രാജീവ് നാഥ് എന്നിവര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്കാദമി ഈ തീരുമാനമെടുത്തത്.
ചലച്ചിത്രോല്‍സവം വിവാദങ്ങളുണ്ടാക്കാതെ അവസാനിച്ച ശേഷം വൈസ് ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാര്‍ അക്കാദമിയില്‍ നിന്നും രാജി വച്ചു. രാജീവ് കുമാറിന്റെ രാജിയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. രാജി സ്വീകരിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചതിനാലാണ് ചുരുങ്ങിയ ചെലവില്‍ മേള തീര്‍ക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സബ് ടൈറ്റിലിംഗ് സമ്പ്രദായം പരീക്ഷിച്ച് വിജയിപ്പിച്ചത് മേളയുടെ നേട്ടമാണ്. ഇത് ചലച്ചിത്ര രംഗത്ത് മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.