അനീഷിന്റെ ആത്മഹത്യ : പീഡനം മൂലമെന്ന് പിതാവ്
കൊല്ലം : പരീക്ഷകന്റെ മാനസിക പീഡനം മൂലമാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് മുന്‍ ചാത്തന്നൂര്‍ എംഎല്‍എ എന്‍. അനിരുദ്ധന്‍. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് നിവേദനം നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അനിരുദ്ധന്റെ മകന്‍ അനീഷ് (24). പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് പുറത്തു വന്ന അനീഷിനെ പിന്നീട് കോയമ്പത്തൂരിലെ ലോഡ്ജില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഏപ്രില്‍ മൂന്നിനു നടന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ പരീക്ഷകനായ റിട്ട. പ്രൊഫസര്‍, മറ്റു വിദ്യാര്‍ത്ഥികളുടെയും രോഗികളുടെയും മുന്നില്‍ വച്ച് അനീഷിനെ അരമണിക്കൂറോളം അപഹസിക്കുകയും പരീക്ഷയില്‍ തോറ്റതായി അവിടെ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുളള മനോവേദനയെത്തുടര്‍ന്നാണ് പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അനീഷ് ആത്മഹത്യ ചെയ്തതെന്ന് നിവേദനത്തില്‍ പറയുന്നു.
പരീക്ഷാ സംബന്ധമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്ത കാലത്ത് നടന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. മറ്റു കോളജുകളെ അപേക്ഷിച്ച് ഇവിടെ പ്രാക്ടിക്കലിന് കൂടുതല്‍ പേര്‍ തോല്‍ക്കുമെന്ന് പറയപ്പെടുന്നു. റാഗിംഗിനെക്കാള്‍ ക്രൂരമായാണ് പരീക്ഷകന്‍ അനീഷിനോട് പെരുമാറിയതെന്ന് കുട്ടികള്‍ പറയുന്നു.
മരണം അറിഞ്ഞ ശേഷം കോളെജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സീനിയര്‍ പ്രൊഫസര്‍ എന്നിവര്‍ തന്റെ വീട്ടില്‍ വരാന്‍ പോലും തയ്യാറായില്ലെന്ന് അനിരുദ്ധന്‍ പറഞ്ഞു. പിടിഎ അംഗമായ താന്‍ ആവശ്യപ്പെട്ടിട്ടും പരീക്ഷകനെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. മരണം അറിഞ്ഞ് തന്റെ വീട്ടിലേയ്ക്കു വരാന്‍ സഹപാഠികള്‍ കോളെജ് ബസ് ആവശ്യപ്പെട്ടിട്ടും വിട്ടു കൊടുത്തില്ല.
ആത്മഹത്യയെ തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷയെഴുതിയ എല്ലാവരെയും ജയിപ്പിച്ച് തടിയൂരാനാണ് കോളെജ് അധികാരികള്‍ ശ്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അനിരുദ്ധന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അദ്ദേഹം നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് അന്വേഷണത്തിനു ശേഷം നിയമനടപടികള്‍ കൈക്കൊളളുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications