കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എം.എ. അവാര്‍ഡുകള്‍

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇക്കൊല്ലത്തെ ഡോ. കെ. മോഹന്‍കുമാര്‍ അവാര്‍ഡ് ജസ്റിസ് കെ. നാരായണക്കുറുപ്പിനു ലഭിയ്ക്കും. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച് ഉത്തരവിട്ടതിനാണ് ബഹുമതി.

ആരോഗ്യ സംബന്ധമായ മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള നമ്മുടെ ആരോഗ്യം മാസിക അവാര്‍ഡ് മലയാള മനോരമ മലപ്പുറം യൂണിറ്റിലെ സ്പെഷല്‍ കറസ്പോണ്ടന്റ് എം. ബാബുരാജിനാണ്. 5,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച ലേഖനത്തിനുള്ള അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ രഘു എന്‍. വാരിയരും ദ് ഹിന്ദു തിരുവനന്തപുരം ലേഖകന്‍ ദിനേശ് വര്‍മയും അര്‍ഹരായി.

ടിവിയിലെ മികച്ച ആരോഗ്യ പരിപാടിക്കുള്ള അവാര്‍ഡ് കൈരളിയിലെ വേണു തോന്നയ്ക്കലിനാണ്. വെബ്ലോകത്തിലെ രാധികാ സി.നായര്‍ക്കൊപ്പം ദീപിക സീനിയര്‍ സബ് എഡിറ്റര്‍ ഡേവിഡ് പൈനാടത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.

ഡോ.വി.സി. വേലായുധന്‍പിളള ചെയര്‍മാനും ഡോ.അലക്സ് ഫ്രാങ്ക്ളിന്‍, ഡോ. ജി. വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഞായറാഴ്ച കൊല്ലത്ത് ഐ.എം.എ. സംസ്ഥാന സമ്മേളന സമാപന യോഗത്തില്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ആര്‍.വി. അശോകനും നിയുക്ത പ്രസിഡന്റ് ഡോ. പി.ടി. ചെറിയാനും അറിയിച്ചു.

അവാര്‍ഡ് നേടുന്ന ആദ്യ മലയാളം വെബ് ജേര്‍ണലിസ്റ് രാധിക

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് വര്‍ഷം തോറും നല്‍കിവരുന്ന മാധ്യമ അവാര്‍ഡുകളില്‍ ഏറ്റവും മികച്ച ആരോഗ്യലേഖനത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് വെബ്ലോകം ഡോട്ട് കോം സബ് എഡിറ്റര്‍ ഡോ. രാധിക സി.നായര്‍ക്ക്. വെബ്ലോകത്തിന്റെ ആയുരാരോഗ്യം ചാനലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനാണിത്. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ഇന്റര്‍നെറ്റ് പത്രത്തിന് ഒരു മാധ്യമപുരസ്കാരം ലഭിക്കുന്നത്. 2001 ജൂലൈ മാസം വെബ്ലോകം ആയുരാരോഗ്യം ചാനലില്‍ ആത്മഹത്യയെപ്പറ്റി പ്രസിദ്ധീകരിച്ച പ്രത്യേക പായ്ക്കേജിനാണ് അവാര്‍ഡ് .

Radhika C Nairമലയിന്‍കീഴ് തച്ചോട്ടുകാവില്‍ മണിഭവനില്‍ അന്തരിച്ച ഹേമചന്ദ്രന്റെയും ചന്ദ്രമണിയമ്മയുടെയും പുത്രിയായ രാധിക തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് 1986ല്‍ മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് യു.ജി.സി ഫെലോഷിപ്പോടെ കേരളസര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി . കേന്ദ്ര സാംസ്കാരിക വകുപ്പിന്റെഫെലോഷിപ്പോടെ, മലയാള സ്ത്രീ നോവലിസ്റുകളെപ്പറ്റി ഗവേഷണം നടത്തി. കാലടി സംസ്കൃതസര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ അധ്യാപികയായി. ധനുവച്ചപുരം എന്‍.എസ്.എസ്.കോളജിലും അധ്യാപികയായിരുന്നിട്ടുണ്ട്. 2000 മുതല്‍ മലയാള വെബ് പോര്‍ട്ടലായ വെബ്ലോകം ഡോട്ട് കോമില്‍ സബ് എഡിറ്റര്‍.

പഠിക്കുമ്പോള്‍ കവിതയും കഥയും മറ്റുമെഴുതുമായിരുന്നു. ഒട്ടേറെ സാഹിത്യസമ്മാനങ്ങള്‍ നേടിയിട്ടുള്ള രാധികയുടെ കാട്ടിലേയ്ക്ക് എത്രയോ വഴികള്‍ എന്ന കുട്ടികളുടെ പുസ്തകത്തിന് 1995ല്‍ മികച്ച ബാലസാഹിത്യത്തിനുള്ള പി.നരേന്ദ്രനാഥ് അവാര്‍ഡ് ലഭിച്ചു. പക്ഷിച്ചന്ത, പരല്‍ഗുഹ, വിസാര്‍ഡ് ഓഫ് ഓസ് (വിവര്‍ത്തനം) എന്നിവയ്ക്കു പുറമേ, സമകാലിക സാഹിത്യസിദ്ധാന്തം ഒരു പാഠപുസ്തകം എന്ന ഗ്രന്ഥവും രചിച്ചു. ഡി.സി.ബുക്സ് പുറത്തിറക്കിയ ലോകകഥയുടെ വിവര്‍ത്തകയായും കോട്ടയം ക്രോണിക്കിള്‍ ബുക്സിന്റെ ഫാമിലി ക്വിസ് ബുക്കിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഡി.സി.ബുക്സ് നിഘണ്ടു പരമ്പരയിലെ സാഹിത്യ നിഘണ്ടുവിന്റെ രചയിതാവാണ്.

പ്രശസ്തനിരൂപകനും മാതൃഭൂമിയില്‍ സീനിയര്‍ സബ് എഡിറ്ററുമായ ഡോ.പി.കെ.രാജശേഖരനാണ് ഭര്‍ത്താവ്. തേജസ്വിനി, ജാഹ്നവി എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X