കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികജീവനക്കാരെ ജൂണിനുമമ്പേ കണ്ടെത്താനാവില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാര്‍ സര്‍വീസിലെ അധിക ജീവനക്കാരെ ജൂണിനു മുമ്പ് കണ്ടെത്താനുളള നീക്കം പാളുന്നു.

റവന്യൂ, ജലസേചനം, പൊതുമരാമത്ത് വകുപ്പുകളിലെ ആറായിരം അധിക ജീവനക്കാരെയാണ് കമ്മിറ്റിയ്ക്ക് കണ്ടെത്താനായത്. ഇനി രണ്ടാഴ്ചകൊണ്ട് ബാക്കി ആളുകളെ മുഴുവന്‍ കണ്ടെത്താനാവില്ലെന്ന് ഉറപ്പാണ്.

പദ്ധതിയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതാണ് ഇതിന് പ്രധാന കാരണം. വിവിധ വകുപ്പുകളിലായി അധികമുളള ജീവനക്കാരെ കണ്ടെത്തി ജൂണ്‍ 30നു മുമ്പ് പുനര്‍വിന്യസിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉന്നം. അധിക ജീവനക്കാരെ കണ്ടെത്താന്‍ ചെലവ് വകുപ്പ് സെക്രട്ടറി സെന്തിലിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ അധിക ജീവനക്കാരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെ കമ്മിറ്റിയ്ക്കു നല്‍കിയിരുന്നില്ല. സ്വന്തമായി വേണ്ടത്ര പഠനമോ നിരീക്ഷണമോ നടത്തുന്നതിലും കമ്മിറ്റി പരാജയമായിരുന്നു. അധികമുളള ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വകുപ്പ് മേധാവികളോട് നിര്‍ദ്ദേശിക്കുക എന്ന ജോലി മാത്രമാണ് വിദഗ്ദ്ധ കമ്മിറ്റിയ്ക്കുണ്ടായിരുന്നത്.

വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അധിക ജീവനക്കാരെ കണ്ടെത്തുന്നത് എന്നത് സര്‍വീസില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരു മാനദണ്ഡവുമില്ലാതെ കുറേ ജീവനക്കാരെ അധികപ്പറ്റായി മുദ്രകുത്തുന്നത് വകുപ്പുകളുടെ കാര്യക്ഷമത കുറയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അധിക ജീവനക്കാരെ കണ്ടെത്തിയാലും അവരെ പുനര്‍വിന്യസിയ്ക്കുന്നത് സര്‍ക്കാരിന് കടുത്ത തലവേദനയാകും. ജൂണ്‍ 30നു മുമ്പ് ലക്ഷ്യമിട്ടതിന്റെ പകുതിയെങ്കിലും പൂര്‍ത്തിയാക്കാനാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും വിശ്വാസമില്ല.

പുനര്‍വിന്യാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ജോലിഭാരം പുതുതായി തയ്യാറാക്കേണ്ടതുണ്ട്. ഇതും വൈകുന്നതോടെ ഭരണയന്ത്രം സുഗമമായി ചലിക്കാന്‍ കാലതാമസം നേരിടും. വിവിധ വകുപ്പുകളിലെ ഒഴിവുളള തസ്തികകളുടെ പട്ടിക വകുപ്പദ്ധ്യക്ഷന്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നിയമനം നടക്കുന്നതുമില്ല, പുനര്‍വിന്യാസം അനിശ്ചിതമായി വൈകുകയും ചെയ്യുന്നു എന്ന സ്ഥിതിയില്‍ പൊതുജനത്തിന് നാമമാത്രമായ സര്‍ക്കാര്‍ സേവനം പോലും നിഷേധിയ്ക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X