മോഹന്‍ലാല്‍ ഗുരുവായൂരിലെത്തി
ഗുരുവായൂര്‍: വൈശാഖമാസത്തിന്റെ പുണ്യംതേടി നടന്‍ മോഹന്‍ലാല്‍ ഗുരുവായൂരിലെത്തി. കണ്ണനെ തൊഴുതശേഷം വിശിഷ്ടമായ അര്‍ച്ചനാപൂക്കള്‍ കൊണ്ട് തുലാഭാരവും നടത്തി മോഹന്‍ലാല്‍ മടങ്ങി.
മെയ് 13 തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് നിര്‍മ്മാല്യം തൊഴാന്‍ മോഹന്‍ലാല്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതോടെ ഭക്തജനങ്ങള്‍ മോഹന്‍ലാലിനെ വളഞ്ഞു. ക്ഷേത്രത്തിനകമാണെന്ന കാര്യം കൂടി മറന്ന് ആരാധകര്‍ മോഹന്‍ലാലിനെ ഒരു നോക്ക് കാണാനും ഒന്നു തൊടാനും തിക്കിത്തിരക്കി. ലാലിനെ ആരാധകവൃന്ദത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസുകാര്‍ നന്നെ പണിപ്പെട്ടു.
സോപാനത്തിന് സമീപം നിന്ന് ഗുരുവായൂരപ്പനെ തൊഴുത്, ലാല്‍ കാണിക്കയര്‍പ്പിച്ചു. മുന്‍ മേല്‍ശാന്തിയും ക്ഷേത്രം ഓതിക്കനുമായ പഴയം സുബ്രഹ്മണ്യന്‍ നമ്പൂതിരി പ്രസാദം നല്കി.
ഉപദേവന്മാരെ തൊഴുതശേഷം തെച്ചി, തുളസി, മുല്ലപ്പൂവ് എന്നീ വിശിഷ്ടപൂക്കള്‍കൊണ്ട് തുലാഭാരവും നടത്തി. അര്‍ച്ചനാപൂക്കള്‍കൊണ്ടുള്ള തുലാഭാരത്തിന് 95കിലോ പൂക്കള്‍ വേണ്ടിവന്നു.
ഒരു ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമായിരുന്നു തുലാഭാരവഴിപാട്. ഗുരുവായൂരിലെ ഡോ.പി. രാമചന്ദ്രന്‍, പട്ടിപ്പറമ്പിലെ ആനന്ദന്‍, തൃപ്പൂണിത്തുറയിലെ കൃഷ്ണകുമാര്‍(ഉണ്ണ്യേട്ടന്‍) എന്നിവരും മോഹന്‍ലാലിനോടൊപ്പമുണ്ടായിരുന്നു.