ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവീസ് യാഥാർഥ്യത്തിലേക്ക്; ഘട്ട് സെക്ഷനിൽപരീക്ഷണ ഓട്ടം ജൂണിൽ
ബെംഗളൂരു: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർഥ്യമാകാനൊരുങ്ങുന്നു. ഈ റൂട്ടിലെ വെല്ലുവിളി നിറഞ്ഞ ഘട്ട് സെക്ഷനിലൂടെയുള്ള ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജൂണിൽ നടത്താൻ തെക്ക് പടിഞ്ഞാറൻ റെയിൽവേ (എസ് ഡബ്ല്യു ആർ) ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ട്രയൽ റൺ ഈ ആഴ്ച തന്നെ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ബെംഗളൂരു, മൈസൂരു ഡിവിഷനുകളിലെ ഉദ്യോഗസ്ഥർക്ക് എസ് ഡബ്ല്യു ആർ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
സർവീസിന്റെ അന്തിമ ടെർമിനലുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും യശ്വന്ത്പൂർ-മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്ക് (എഇബി) സംവിധാനം ഘടിപ്പിച്ച എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ സെറ്റാണ് പരീക്ഷണത്തിനായി ഉപയോഗിക്കുക. യശ്വന്ത്പൂരിൽ നിന്ന് അതിരാവിലെയാകും ട്രെയിൻ പുറപ്പെടുക.

നിലവിൽ ഈ റൂട്ടിൽ ഒരു ദിശയിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ ഏകദേശം എട്ടര മണിക്കൂർ സമയമെടുക്കും. പരീക്ഷണ ഓട്ടത്തിനിടെ ഹാസൻ, സകലേശ്പുർ, സുബ്രഹ്മണ്യ റോഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ ഭാവിയിൽ സ്റ്റോപ്പുകളാകാൻ സാധ്യതയുള്ള എല്ലാ സ്റ്റേഷനുകളിലും നിശ്ചിത സമയക്രമമനുസരിച്ച് ട്രെയിൻ നിർത്തും. യാത്രാസമയവും പ്രവർത്തനക്ഷമതയും ഇതിലൂടെ വിലയിരുത്തും.
അതേസമയം ഘട്ട് സെക്ഷനിലൂടെ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നത് റെയിൽവേയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. മലനിരകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ഈ പാതയുടെ സങ്കീർണമായ ഭൂപ്രകൃതി തന്നെയാണ് തിരിച്ചടിയായത് . പല ഭാഗങ്ങളിലും റെയിൽവേ ട്രാക്കിലേക്ക് എത്താൻ പ്രത്യേക സമീപന പാതകൾ പോലുമില്ല.
ഈ റൂട്ടിൽ 57 തുരങ്കങ്ങളും 226 പാലങ്ങളും 108 കുത്തനെയുള്ള വളവുകളുമാണുള്ളത്. പാതയുടെ പൂർണ വൈദ്യുതീകരണം പൂർത്തിയാക്കാൻ റെയിൽവേയ്ക്ക് ഏകദേശം രണ്ട് വർഷമെടുത്തു. ഫെബ്രുവരിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സകലേശ്പുരിനും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള വൈദ്യുതീകരിച്ച പാതയിൽ മറ്റ് യാത്രാ, ചരക്ക് ട്രെയിനുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും വന്ദേ ഭാരത് സർവീസിന് അനുമതി ലഭിച്ചിരുന്നില്ല.
സാധാരണ വന്ദേ ഭാരത് ട്രെയിനുകളിൽ ഓട്ടോ എമർജൻസി ബ്രേക്ക് (എഇബി) സംവിധാനം ഇല്ലെന്ന് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) ചൂണ്ടിക്കാട്ടിയിരുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള 55 കിലോമീറ്റർ നീളമുള്ള ഘട്ട് സെക്ഷനിൽ ഈ സംവിധാനം നിർബന്ധമാണെന്നും അധികൃതർ റിപ്പോർട്ട് നൽകി.
സംവിധാനം പ്രവർത്തനക്ഷമമായാൽ ട്രെയിനിന്റെ വേഗത 30 കിലോമീറ്ററായി നിയന്ത്രിക്കപ്പെടും. അനുവദിച്ച പരിധിയേക്കാൾ വേഗം കൂടുകയാണെങ്കിൽ ബ്രേക്ക് സ്വമേധയാ പ്രവർത്തിക്കും. ഇതോടെയാണ് നിലവിലുള്ള വന്ദേ ഭാരത് റേക്കുകളിൽ എഇബി സംവിധാനം പുനഃക്രമീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ജൂണിൽ നടക്കുന്ന പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയായ ശേഷം വാണിജ്യ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടതുണ്ട്. ട്രയൽ റണ്ണിനിടെ ട്രെയിനിന്റെ ആരംഭം, അവസാന സ്റ്റേഷൻ, ജീവനക്കാരുടെ മാറ്റം, സ്റ്റോപ്പുകളിലെ സമയക്രമം തുടങ്ങിയ കാര്യങ്ങൾ റെയിൽവെ വിശദമായി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ടും സമയക്രമവും തയ്യാറാക്കും.
മംഗളൂരു കർണാടകയിലെ പ്രധാന നഗരങ്ങളിലൊന്നാണ്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായാൽ ബെംഗളൂരുവിനും തീരദേശ കർണാടകയ്ക്കുമിടയിലെ റെയിൽ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications