കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈപ്പിനില്‍ കടല്‍വെളളത്തില്‍ നിന്നും കുടിവെളളം

  • By Staff
Google Oneindia Malayalam News

കൊച്ചി : കടല്‍ വെളളത്തില്‍ നിന്നും ഉപ്പ് നീക്കം ചെയ്ത് കുടിവെളളമുണ്ടാക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് വൈപ്പിനില്‍ സ്ഥാപിക്കും.

വൈപ്പിനും പരിസരപ്രദേശങ്ങളും വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെളള ക്ഷാമത്തിന് ഇതോടെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

എറണാകുളം ജില്ലാ ഭരണകൂടം തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിനം 10 ലക്ഷം ലിറ്റര്‍ ജലമാണ് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. 14.34 കോടി രൂപ ചെലവ് പ്രതീക്ഷിയ്ക്കുന്ന പദ്ധതിയ്ക്ക് രാജീവ് ഗാന്ധി ദേശീയ കുടിവെളള മിഷന്‍ ധനസഹായം നല്‍കുന്നുണ്ട്.

പ്ലാന്റിന്റെ നിര്‍മ്മാണച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളാ വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്.

അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സമുദ്രജലം കുടിക്കാന്‍ യോഗ്യമാക്കുന്നത്. അതിനാല്‍ ഈ രംഗത്ത് വൈദഗ്ദ്ധ്യമുളളവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

പ്ലാന്റ് നിര്‍മ്മിക്കാനുളള സ്ഥലം തിരഞ്ഞെടുക്കല്‍, രൂപകല്‍പന, ഗുണനിലവാരം ഉറപ്പു വരുത്തല്‍ എന്നിവയില്‍ ഭാരത് ഹെവി ഇലക്ട്രോണിക്സ്, സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ റെഫറന്‍സ് ആന്റ് സ്റാന്‍ഡേര്‍ഡ്സ് (സി-മാര്‍സ്) എന്നീ സ്ഥാപനങ്ങളെ സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കടല്‍വെളളത്തില്‍ നിന്നും കുടിവെളളമുണ്ടാക്കുന്ന പ്ലാന്റുകള്‍ (ഡീസലൈനേഷന്‍ പ്ലാന്റുകള്‍) ഗള്‍ഫടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്തരം 30 ഇടത്തരം പ്ലാന്റുകളും അഞ്ച് വന്‍കിട പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 20,000 മുതല്‍ 38 ലക്ഷം വരെ ലിറ്റര്‍ കടല്‍വെളളം ശുദ്ധീകരിക്കുന്ന 11 പ്ലാന്റുകള്‍ തമിഴ്നാട്ടിലുണ്ട്്.

പ്ലാന്റിന്റെ ആദ്യഘട്ട അറ്റകുറ്റ പണികള്‍ ഭെല്ലിനെ ഏല്‍പ്പിക്കും. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തിലാണ് പണി.

സാമാന്യം നല്ല മഴ ലഭിക്കുന്ന സംസ്ഥാനത്ത് കുടിവെളളക്ഷാമം രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭൗമോപരിതലത്തില്‍ വീഴുന്ന മഴവെളളം ശേഖരിക്കപ്പെടാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് വെളളത്തിന്റെ ഉപഭോഗം കൂടുന്നതും ജലദൗര്‍ലഭ്യത്തിന് കാരണമാണ്. ഈ സാഹചര്യത്തില്‍ കുടിവെളളം കണ്ടെത്തുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ് സംസ്ഥാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X