കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ രാജിഭീഷണി മുഴക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മതികെട്ടാന്‍ വനഭൂമി കയ്യേറ്റക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് വനംമന്ത്രി കെ. സുധാകരന്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജിഭീഷണി മുഴക്കിയത്.

കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ സുധാകരന്റെ മേല്‍ ഉയര്‍ന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥമേധാവികളുടെയും സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. 1977ന് മുമ്പ് കുടിയേറിയ കയ്യേറ്റക്കാരെക്കൂടി വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുമെന്ന സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. നേരത്തെ മതികെട്ടാന്‍ വനഭൂമിയില്‍ നിന്ന് കയ്യേറിയവരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും അവര്‍ കൂടുതലായി സംഘടിച്ചും ശക്തി സംഭരിച്ചും വനംമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇപ്പോള്‍ കയ്യേറ്റക്കാര്‍ക്ക് വേണ്ടി പക്ഷം പിടിക്കാന്‍ മുന്‍വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് കൂടി രംഗത്തിറങ്ങിയതോടെ കയ്യേറ്റക്കാര്‍ കൂടുതല്‍ ശക്തമായി വനം മന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം വനംകയ്യേറ്റക്കാര്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടും മതികെട്ടാന്‍ കയ്യേറിയതായി വാര്‍ത്തയുണ്ടായിരുന്നു. ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ മന്ത്രി പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായം തേടിയെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തണുത്തപ്രതികരണമാണ് സുധാകരന് ലഭിച്ചത്.

ഈയിടെ കയ്യേറ്റത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 2000 ഏക്കര്‍ ചോലവനങ്ങളുള്‍പ്പെടുന്ന മതികെട്ടാന്‍ വനഭൂമിയില്‍ 100 ഏക്കറിന് മാത്രമേ പട്ടയമുള്ളൂ എന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാക്കിയെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കുടിയേറ്റക്കാര്‍ ഭൂരിഭാഗവും കേരളാകോണ്‍ഗ്രസ് പാര്‍ട്ടികളില്‍ അംഗങ്ങളായതിനാല്‍, കേരളാകോണ്‍ഗ്രസ് നേതാക്കള്‍ പഴയ ഭിന്നത മറന്ന് ഒന്നിക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. ഏത് വിധേനെയും അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കാനാണ് മന്ത്രി കെ.എം. മാണിയുടെയും മുന്‍മന്ത്രി പി.ജെ. ജോസഫിന്റെയും ശ്രമം. അതേ സമയം ഇടതുപക്ഷമുന്നണി ഒറ്റക്കെട്ടായി മതികെട്ടാന്‍ കയ്യേറ്റത്തെ എതിര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെട്ട മന്ത്രി ജോസഫിനെയും അവര്‍ താക്കീത് ചെയ്തിട്ടുണ്ട്.

എന്തായാലും വനഭൂമി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന ഭീഷണി മുഴക്കിയതിലൂടെ, വനം സംരക്ഷിക്കാന്‍ അവസാനവട്ട പരിശ്രമത്തിന് മന്ത്രി ഒരുങ്ങുകയാണെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X