കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി: പണം തേടി മന്ത്രി ഗള്‍ഫിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ ധനമന്ത്രി കെ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ ഒരു സംഘം ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തും. സമ്പന്നരായ വിദേശമലയാളികളില്‍ നിന്ന് വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

ഈയിടെ നടന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സപ്തംബറോടെ എഎഐ 26 ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് കരുതുന്നു. ഇതിന് തൊട്ടുപിന്നാലെയായിരിക്കും സംഘം ഗള്‍ഫില്‍ പര്യടനം നടത്തുക.

ഇപ്പോള്‍ വിദേശഇന്ത്യക്കാര്‍ പൊതുവേയും വിദേശമലയാളികള്‍ പ്രത്യേകിച്ചും കൊച്ചി വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം കാട്ടുന്നുണ്ട്. വിദേശത്തുള്ള നിക്ഷേപം മുടക്കി കൊച്ചി വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്കും ഫോറിന്‍ ഇന്‍വെസ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡും (എഫ്ഐപിബി) വിദേശഇന്ത്യക്കാര്‍ക്ക് അനുവാദം നല്കിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തം 51 ശതമാനത്തില്‍ നിന്ന് 26 ശതമാനമാക്കി കുറയ്ക്കുക എന്നതായിരിക്കും വിമാനത്താവളത്തെ സാമ്പത്തികമായി രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. 1999 മെയ് 25ന് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സ്വകാര്യമേഖലയില്‍ ആരംഭിച്ച വിമാനത്താവളമെന്ന നിലയ്ക്ക് നെടുമ്പാശേരി ദേശീയ ശ്രദ്ധ നേടിയിരുന്നു. പക്ഷെ വായ്പാപലിശ കുന്നുകൂടിയതോടെ നെടുമ്പാശേരി വിമാനത്താവളം കടക്കെണിയിലായി. ഇപ്പോള്‍ 210 കോടി രൂപയാണ് വിമാനത്താവളത്തിന്റെ ബാധ്യത. വര്‍ഷം തോറും പലിശയിനത്തില്‍ മാത്രം അടച്ചുതീര്‍ക്കേണ്ടത് 33 കോടി രൂപ. ഹഡ്കോ വായ്പയാണ് വിമാനത്താവളത്തിന്റെ പ്രധാന തലവേദന. ഹഡ്കോ വായ്പ ഇളവു ചെയ്തു കിട്ടാനും സംസ്ഥാനസര്‍ക്കാര്‍ ശ്രമം നടത്തും.

അവകാശഓഹരിയിറക്കി വിമാനത്താവളത്തിന്റെ മൂലധനാടിത്തറ 90 കോടിയില്‍ നിന്ന് 200 കോടിയാക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. പക്ഷെ സാമ്പത്തികപ്രതിസന്ധി കാരണം സംസ്ഥാനസര്‍ക്കാരിന് അവരുടെ അവകാശഓഹരികള്‍ക്ക് പണം നല്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ കേരള സര്‍ക്കാരിന്റെയും മറ്റ് ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈയില്‍ 32 കോടി രൂപയുടെ ഓഹരികള്‍ ഉണ്ട്. 10,000 വിദേശമലയാളികളുടെ കൈയില്‍ 24 കോടിരൂപ യുടെ ഓഹരികള്‍ ഉണ്ട്. എയര്‍ ഇന്ത്യയും ബിപിസിഎല്ലും ചേര്‍ന്ന് അഞ്ചുകോടിയുടെ വീതം ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ കൈയില്‍ ഏഴുകോടിയുടെ ഓഹരികളുണ്ട്.

ആഴ്ചയില്‍ ഇവിടെനിന്നുമുള്ള വിമാനസര്‍വീസുകളുടെ എണ്ണം 70 ല്‍ നിന്ന് 120 ആയി ഉയര്‍ന്നിരിക്കുന്നു. കൂടുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും നെടുമ്പാശേരി വളരുമെന്ന് തന്നെയാണ് സാഹചര്യങ്ങള്‍ നല്കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X