കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ലീഗ് മന്ത്രിമാരെയും പിന്‍വലിച്ചേക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുറ്റാരോപിതനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തനിക്കെതിരെ ഉണ്ടാകാവുന്ന നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ആസൂത്രിതശ്രമത്തിലാണ്. തന്റെ രാജി യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ ലീഗ് മന്ത്രിമാരെയും രാജിവയ്പിച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയി പുതിയ സമ്മര്‍ദമൊരുക്കാനായിരിക്കും കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ടി വരികയാണെങ്കില്‍ അത് തന്റെ രാഷ്ട്രീയഭാവിയെ സാരമായി ബാധിക്കുമെന്ന ആശങ്ക കുഞ്ഞാലിക്കുട്ടിക്കുണ്ട്. അതുകൊണ്ടാണ് മുസ്ലിം ലീഗില്‍ അപ്രമാദിത്വമുള്ള കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ മുന്‍നിര്‍ത്തി കളിക്കാന്‍ ആലോചിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നാല്‍ മുസ്ലിം ലീഗിന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജിയായിരിക്കുമെന്ന പ്രതീതിയുണര്‍ത്തി യുഡിഫ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം. തന്റെ രാജി ആവശ്യപ്പെട്ടാല്‍ അപകടത്തിലാകുന്നത് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും ഭാവിയായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി സമ്മര്‍ദതന്ത്രം ഒരുക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

തനിക്ക് ലീഗിലുള്ള അസാമാന്യമായ സ്വാധീനം പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നോടൊപ്പം നിര്‍ത്താന്‍ സഹായകമാവുമെന്ന കണക്കുക്കൂട്ടലാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. തന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് തങ്ങളില്‍ നിന്നുണ്ടാവില്ലെന്ന തീര്‍ച്ചയാണ് കുഞ്ഞാലിക്കുട്ടിക്ക് ആത്മവിശ്വാസം പകരുന്നത്. എല്ലാ ലീഗ് മന്ത്രിമാരും രാജിവയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ തനിക്കെതിരായ നീക്ക നടത്തിയ എം. കെ. മുനീറിന് അത് തിരിച്ചടിയാവുമെന്നും കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നു.

സിപിഎം നേരിട്ട് ഇതുവരെ കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രക്ഷോഭം ഏറ്റെടുത്തിട്ടില്ലെങ്കിലും ഡിവൈഎഫ്ഐയും ബിജെപിയും സ്ത്രീവേദിയും നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായ ദിവസങ്ങളായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സമ്മാനിക്കുന്നത്. ചില താത്പര്യങ്ങള്‍ക്ക് വിധേയമായി ഏത് വിഴുപ്പും ചുമക്കുന്ന സ്ഥിതി കോണ്‍ഗ്രസിനും യുഡിഎഫിനും ദോഷം ചെയ്യുമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്.

കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വ്യക്തമാക്കിയ സാഹചര്യത്തില്‍, സര്‍ക്കാരിന് ദോഷകരമാവുന്ന പ്രക്ഷോഭപരിപാടികള്‍ തുടരുകയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി മറിച്ചൊരു തീരുമാനത്തിന് നിര്‍ബന്ധിതനായേക്കും. ഇത്തരമൊരു സാഹചര്യം വന്നാലാണ് എല്ലാ ലീഗ് മന്ത്രിമാരെയും പിന്‍വലിക്കുന്ന തന്ത്രം പയറ്റാന്‍ കുഞ്ഞാലിക്കുട്ടി ആലോചിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X