നാഗപ്പയെ വിട്ടെന്ന് വീരപ്പന്‍
ബാംഗ്ലൂര്‍: നാഗപ്പയെ താന്‍ കാട്ടിലുപേക്ഷിച്ചുവെന്ന വീരപ്പന്‍ അവകാശപ്പെട്ടതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കര്‍ണാടക പ്രത്യേക ദൗത്യസേന കാട്ടില്‍ തിരച്ചില്‍ ആരംഭിച്ചു.
വീരപ്പന്‍ കൊടുത്തയച്ച ആറാമത്തെ കസെറ്റില്‍ നാഗപ്പയെ കാട്ടിലുപേക്ഷിച്ചതായി വീരപ്പന്‍ പറഞ്ഞിട്ടുള്ളതായാണ് വാര്‍ത്താ പരന്നത്. കസെറ്റ് താന്‍ കേട്ടെന്നും അതില്‍ വീരപ്പന്‍ ഇപ്രകാരം പറയുന്നുണ്ടെന്നും നാഗപ്പയുടെ മരുമകന്‍ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് നാഗപ്പയുടെ മരുമകന്‍ ഈ വാര്‍ത്ത നിഷേധിച്ചു.
തമിഴ്നാട് പ്രത്യേക ദൗത്യസേന വീരപ്പനുമായി ഏറ്റുമുട്ടിയെന്നും ഈ ഏറ്റുമുട്ടലില്‍ വീരപ്പന് പരിക്കേറ്റെന്നും കര്‍ണ്ണാടക പൊലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഇതു മൂലമാണ് വീരപ്പന്‍ നാഗപ്പയെ കാട്ടിലുപേക്ഷിച്ചതെന്നും പറയുന്നു. അതേ സമയം വീരപ്പനുമായി ഏറ്റുമുട്ടല്‍ നടത്തിയെന്ന വാര്‍ത്ത തമിഴ്നാട് പ്രത്യേക ദൗത്യസേന തലവന്‍ ദേവാരം നിഷേധിച്ചു.
വീരപ്പനുമായി യാതൊരു ഏറ്റുമുട്ടലും നടന്നില്ല. വീരപ്പന്‍ കര്‍ണ്ണാടകത്തിന്റെ വനപ്രദേശങ്ങളിലാണ്. ഞങ്ങള്‍ തമിഴ്നാട് അതിര്‍ത്തിക്കുള്ളിലെ വനപ്രദേശങ്ങളില്‍ മാത്രമാണ് തിരച്ചില്‍ നടത്തുന്നത്.- ദേവാരം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.