മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ചെറുകര സണ്ണി ലൂക്കോസിനാണ് ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം. കേരള ശബ്ദത്തില്‍ സണ്ണിലൂക്കോസ് എഴുതിയ പത്തു വര്‍ഷമായി വിധിയും കാത്ത് എന്ന ലേഖനത്തിനാണ് അവാര്‍ഡ്.10,000 രൂപയാണ് അവാര്‍ഡ് തുക.
കാസര്‍ഗോഡ് ഹംസ വധക്കേസില്‍ സി.ബി.ഐ ആദ്യം മാപ്പുസാക്ഷിയും പിന്നീട് പ്രതിയുമാക്കിയ മുംബൈ സ്വദേശി പ്രശാന്ത് കമലാകര്‍ സോംനെയെകുറിച്ചായിരുന്നു സണ്ണിയുടെ ലേഖനം. കേരളത്തിലെ തടവറയ്ക്കുള്ളില്‍ കഴിഞ്ഞ 10 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ റിമാന്‍ഡ് തടവുകാരനായി കഴിയുകയായിരുന്നു കമലാകര്‍.
ദീപികയിലെ രാജു മാത്യുവിനാണ് മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ്. തേയില കുന്നുകളില്‍ ദുരിതങ്ങളുടെ കൊളുന്തെടുപ്പ് എന്ന് തേയിലത്തൊഴിലാളികളുടെ ദാരുണവസ്ഥ വിശദമാക്കുന്ന ലേഖന പരമ്പരയാണിത്.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സി.കെ. ജയകൃഷ്ണന്റെ ജനകീയ വിചാരണ എന്ന ചിത്രത്തിനാണ് മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം. രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ജമീലയെ ജനാധിപത്യ മഹിളാ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യത്തിനാണ് പുരസ്കാരം.
മലയാള മനോരമയിലെ ഊരുക്കൂട്ടം എന്ന യേശുദാസന്റെ മതികെട്ടാന്‍ വനം കയ്യേറ്റത്തെ ആസ്പദമാക്കിയുള്ള കാര്‍ട്ടുണാണ് മികച്ച കാര്‍ട്ടൂണ്‍.
പരിശോധന നടത്തിയ ഡോക്ടര്‍ മരുന്നു കുറിപ്പടിയില്‍ എച്ച്.ഐ.വി പോസിറ്റീവ് എന്ന് എഴുതി കൊടുത്തതുമൂലം ഒരു യുവതിയും ആറുമാസം പ്രായമുള്ള കുഞ്ഞും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന കഥ പറയുന്ന കെ.കെ. ഷാഹിനയുടെ ഏഷ്യാനെറ്റിലെ ടി.വി. വാര്‍ത്തയ്ക്കാണ് മികച്ച ടെലിവിഷന്‍ വാര്‍ത്തയ്ക്കുള്ള പുരസ്കാരം.
കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുക. തീയതി പിന്നീട് പ്രഖ്യാപിക്കും.












Click it and Unblock the Notifications