കരുണാകരനെതിരെ അന്വേഷണം തുടരും
കൊച്ചി: പാമൊലിന്‍ കേസില്‍ കെ. കരുണാകരനെതിരായ അന്വേഷണം തുടരുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
ഇതോടെ പാമൊലിന്‍ അഴിമതി കേസില്‍ വിജിലന്‍സ് കരുണാകരനെതിരെ നടത്തുന്ന അന്വേഷണ നടപടികള്‍ തുടരുമെന്ന് വ്യക്തമായി.
കരുണാകരന്‍ ലോക്സഭാ എം പിയായതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ജസ്റിസ് എസ്. കൃഷ്ണന്‍നായര്‍ റദ്ദാക്കിയത്.
പാര്‍ലമെന്റേറിയന്‍ എന്ന നിലയിലല്ല കരുണാകരനെതിരെ അന്വേഷണം നടത്തുന്നതെന്നതിനാല്‍ അന്വേഷണത്തിന് ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതിനിടെ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവിന് അവകാശമുണ്ടെങ്കിലും അന്വേഷണ നടപടികള്‍ സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
അഴിമതി നിരോധന നിയമ പ്രകാരമാണ് കരുണാകരനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications