കെഎസ്ആര്‍ടിസിയുടെ നില മെച്ചപ്പെടുന്നു
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
കെ എസ് ആര്‍ ടി സിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പി. കെ. ശ്രീമതി ടീച്ചര്‍ (സി പി എം) ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ രണ്ടുമാസക്കാലം രണ്ട് കോടി രൂപ മിച്ചം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനര്‍ഥം വന്‍നഷ്ടം വരുത്തിയിട്ടുള്ള കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കി തുടങ്ങിയെന്നല്ല.
കെ എസ് ആര്‍ ടി സിയുടെ സ്വത്തുവകകള്‍ വില്‍ക്കുകയോ ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യവത്കരിക്കുകയോ ചെയ്യില്ല. ബസ് സ്റാന്റുകള്‍ സ്വകാര്യവല്‍ക്കരിക്കാനോ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍ക്കരിക്കാനോ ഉദ്ദേശിയ്ക്കുന്നില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനം 1.42 കോടിയില്‍ നിന്നും 1.82 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഡീസല്‍ ചെലവില്‍ ഒന്നര കോടി കോര്‍പ്പറേഷന് ലാഭിക്കാനാവുന്നുണ്ട്.
ദീര്‍ഘദൂര റൂട്ടുകളിലെ വോള്‍വോ ലക്ഷ്വറി ബസുകള്‍ ലാഭകരമാണ്. സാധാരണ ബസുകള്‍ പ്രതിദിനം 11,000 രൂപയുടെ വരുമാനമുണ്ടാക്കിയ സ്ഥാനത്ത് വോള്‍വോ ബസുകളില്‍ നിന്നും 29,000 രൂപയാണ് വരുമാനമുണ്ടാവുന്നത്.
വന്‍നഷ്ടത്തിലാണെന്ന് കാണുന്ന റൂട്ടുകള്‍ മാത്രമേ കെ എസ് ആര്‍ ടി സി റദ്ദാക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications