ബുഷ് മുഗാബെയുടെ സ്വത്ത് മരവിപ്പിച്ചു
വാഷിംഗ്ടണ്‍: ജനാധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നിര്‍ദേശം നല്കി. മുഗാബെയുടെ വലംകൈയായ 76 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വത്തുക്കളും മരവിപ്പിക്കും. മുഗാബെയുള്‍പ്പെടെയുള്ള 77 പേരുമായും യാതൊരു വിധത്തിലുള്ള ഇടപാടും നടത്തരുതെന്നും യുഎസ് സര്‍ക്കാര്‍ യുഎസ് പൗരന്മാരെ വിലക്കിയിട്ടുണ്ട്.
സിംബാബ്വേയുടെ ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള നയങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരിലാണ് ഈ നടപടിയെന്നും ബുഷ് വ്യക്തമാക്കി. യുഎസിന്റെ വിദേശ നയത്തിന് അസാധരണമായ തോതില്‍ ഭീഷണിയാവുകയാണ് സിംബാബ്വേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും ബുഷ് പറഞ്ഞു.
രാഷ്ട്രീയപിന്തുണയോടു കൂടിയ അക്രമം, രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത, നിയമലംഘനം, ജനാധിപത്യത്തിന്റെ അധ:പതനം ഇതെല്ലാമാണ് മുഗാബെ ഭരണത്തിന്റെ സംഭാവന. സിംബാബ്വേയുടെ ജനാധിപത്യം വളര്‍ത്താന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബുഷ് വ്യക്തമാക്കി.
രണ്ടു വര്‍ഷത്തെ മുഗാബെ ഭരണം അക്രമത്തിന്റേതും ഭീഷണിപ്പെടുത്തലിന്റേതും ആയിരുന്നുവെന്നും ബുഷ് അഭിപ്രായപ്പെട്ടു. നേരത്തെ യൂറോപ്യന്‍ യൂണിയനും സിംബാബ്വേയുടെ 79 ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.












Click it and Unblock the Notifications