വ്യാജ സിഡികള്‍ക്കെതിരെ സിനിമക്കാര്‍
കൊച്ചി: വ്യാജ സിഡികള്‍ കണ്ടെത്തി തടയാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് സിനിമക്കാരുടെ സംഘടനകള്‍. അടുത്ത കാലത്തായി പച്ചപിടിച്ച ചലച്ചിത്ര വ്യവസായം വീണ്ടും വന്‍ നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ഫാസില്‍ പറഞ്ഞു.
വ്യാജ സിഡികള്‍ കണ്ടെത്താന്‍ പൊലീസ് നടത്തുന്ന റെയ്ഡുകള്‍ പ്രഹസനമായി മാറുകയാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. വ്യാജ സിഡികളുടെ ഉറവിടം പൊലീസിന് കണ്ടെത്താന്‍ കഴിയുന്നില്ല. തിയറ്ററുകളില്‍ നിന്ന് രഹസ്യമായി പ്രിന്റ് എടുക്കുകയാണോ അതോ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന കോപ്പിയില്‍ നിന്ന് പ്രിന്റ് എടുക്കുന്നതാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിയറ്ററുകളില്‍ വിജയിച്ച വിഷു ചിത്രങ്ങളുടെയെല്ലാം വ്യാജ സിഡികള്‍ ഇറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. പണ്ട് നാലും അഞ്ചും മാസങ്ങള്‍ക്ക് ശേഷമാണ് വ്യാജ സിഡി ഇറങ്ങാറുള്ളതെങ്കില്‍ ഇപ്പോള്‍ പടം റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യാജ സിഡികള്‍ രംഗത്തെത്തുന്നു.
പണ്ട് ചിത്രം ആദ്യം റിലീസ് ചെയ്യുന്ന എ ക്ലാസ് തിയറ്ററുകളില്‍ കിട്ടിയതിന്റെ മൂന്നിരട്ടി വരുമാനം ബി, സി എന്നീ ക്ലാസുകളില്‍ പെട്ട തിയറ്ററുകളില്‍ നിന്നും കിട്ടുമായിരുന്നു. ഇപ്പോള്‍ ബി,സി ക്ലാസ്സുകളില്‍ നിന്നും എ ക്ലാസ് തിയറ്ററിന്റെ പകുതി വരുമാനമേ ലഭിക്കുന്നുള്ളൂ.
വാര്‍ത്താസമ്മേളനത്തില്‍ അമ്മ ജോയിന്റ് സെക്രട്ടറി ടി.പി. മാധവന്‍, ട്രഷറര്‍ ജഗദീഷ്, മാക്ട ചെയര്‍മാന്‍ കെ.ജി. ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി സിബി മലയില്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജോസ് സി. മുണ്ടാടന്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അപ്പച്ചന്‍, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഐസക് ഫ്രാന്‍സിസ്, സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.സി. ബോബി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications