കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു വികാരം വ്രണപ്പെടുത്തിയില്ല: മുരളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് പ്രശ്നത്തില്‍ താന്‍ ഹിന്ദുവികാരം വ്രണപ്പെടുത്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. കഴിഞ്ഞ ദിവസം തന്റെ കാറിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തോട് ജൂണ്‍ 30 തിങ്കളാഴ്ച പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാറാട് പ്രശ്നം ഹിന്ദുക്കളുടെയോ മുസ്ലിങ്ങളുടെയോ പ്രശ്നമല്ല. ഇത് രണ്ടും സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നവുമല്ല. വര്‍ഗ്ഗീയ കലാപം മാറാടിനെ തകര്‍ത്തത് ഖേദകരമാണ്. ഇവിടെ സമാധാനം തിരികെക്കൊണ്ടുവരിക സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും കടമയാണ്. - മുരളീധരന്‍ പറഞ്ഞു.

ബിജെപി മാറാട് പ്രശ്നത്തെ വര്‍ഗ്ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഈ സംഭവത്തിന് പിന്നിലുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2002ല്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കലാപത്തോടെയാണ് മാറാട് പ്രശ്നം വര്‍ഗ്ഗീയ വല്ക്കരിക്കപ്പെട്ടത്. മാറാട് സമാധാനം പുനസ്ഥാപിക്കുന്നതിന് മുമ്പ് പുനരധിവാസം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എത്രകാലം ഇതുപോലെ മുന്നോട്ട് പോകാനാവുമെന്നായിരുന്നു മുരളിയുടെ മറുപടി.

അരയ സമാജം പ്രവര്‍ത്തകര്‍ സമാധാനചര്‍ച്ചകളില്‍ നിന്നും വിട്ടുനില്ക്കുന്നതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് നല്ല ബുദ്ധി തോന്നിയ്ക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു.

മാറാട് കലാപത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന ആര്‍എസ്എസ്-വിഎച്ച്പി ആവശ്യത്തെയും മുരളീധരന്‍ തള്ളി. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ക്രൈംബ്രാഞ്ച് തല അന്വേഷണം ധാരാളമാണെന്നും മുരളീധരന്‍ പറഞ്ഞു.

മാറാട് അരയസമാജം സ്ത്രീപ്രവര്‍ത്തകര്‍ പുനരധിവാസം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരത്തെയും മുരളീധരന്‍ വിമര്‍ശിച്ചു. ഒരാള്‍ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബിജെപി ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്. യഥാര്‍ത്ഥത്തില്‍ സമാധാനം കൊണ്ടുവരാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ അവര്‍ സമാധാനചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്തിനാണ്?- മുരളീധരന്‍ ചോദിച്ചു.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്റെ കാറിന് നേരെ ആക്രമണം നടത്തിയത് നിരാശമൂലമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X