സര്‍ക്കാരിനെതിരെ വോട്ടുചെയ്യും: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: നിയമസഭയില്‍ ജൂലൈ 21 തിങ്കളാഴ്ച അവതരിപ്പിക്കുന്ന ധനവിനിയോഗബില്ലില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഉന്നതതല ഐ ഗ്രൂപ്പ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിന് സ്പീക്കര്‍ക്ക് കത്ത് നല്കാന്‍ എല്ലാ ഐ ഗ്രൂപ്പ് എംഎല്‍എമാരോടും കരുണാകരന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. പക്ഷെ എത്ര പേര്‍ ഒപ്പിട്ടു എന്ന തര്‍ക്കം നിലനില്ക്കുകയാണ്. പ്രത്യേക ബ്ലോക്കായി ഇരിയ്ക്കണമെങ്കില്‍ ഐ ഗ്രൂപ്പിന് 21എംഎല്‍എമാരുടെ പിന്തുണ വേണം.
തിങ്കളാഴ്ച 12.30നാണ് ധനവിനിയോഗബില്‍ ചര്‍ച്ചെയ്ക്കെടുക്കുക. ഇന്നത്തെ നിയമസഭാ യോഗത്തില്‍ മുസ്ലിംലീഗ് എംഎല്‍എമാര്‍ പങ്കെടുക്കില്ല. അപ്പോള്‍ നിയമസഭയില്‍ അംഗസംഖ്യ കുറവായിരിക്കും. ഈ അവസരം മുതലെടുത്ത് ധനകാര്യബില്‍ പരാജയപ്പെടുത്താനാണ് നീക്കം. ധനകാര്യബില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ രാജിവയ്ക്കേണ്ടിവരും.