കാമുകന്റെ കൊല: ഊട്ടി പൊലീസ് കണ്ണൂരില്‍
പയ്യന്നൂര്‍: ഊട്ടിയില്‍ വച്ച് വനിതാ ഡോക്ടര്‍ കാമുകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസിനെ കുറിച്ചുള്ള അന്വേഷണം വീണ്ടും സജീവമാവുന്നു. കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന ഊട്ടി ക്രൈംബ്രാഞ്ച് പൊലീസ് സംഘം കണ്ണൂരിലെത്തി.
ആറ് വര്‍ഷം മുമ്പാണ് പയ്യന്നൂരിലെ കരാറുകാരനായിരുന്ന കെ. മുരളിയെ ഡോ. ഓമന ഊട്ടിയിലെ ഒരു വിശ്രമകേന്ദ്രത്തില്‍ വച്ച് കൊലപ്പെടുത്തിയത്. ഡോ. ഓമനയെ കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് സംഘമെത്തിയത്. ഡോ. ഓമന ഇപ്പോള്‍ ഒളിവിലാണ്.
1996 ജൂലൈ 14ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഡോ. ഓമന ഒളിവില്‍ പോയത്. അവരെ ഇതുവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല.
ഊട്ടിയിലെ വിശ്രമകേന്ദ്രത്തില്‍ വച്ച് മുരളിയെ ഓമന വിഷം കുത്തിവച്ചുകൊല്ലുകയും മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കുകയും ചെയ്തുവെന്നാണ് കേസ്. വാടകക്കെടുത്ത വണ്ടിയില്‍ കൊടൈക്കനാല്‍ വഴി കന്യാകുമാരിയിലേക്ക് പോവുന്നതിനിടയിലാണ് ഓമനയെ പൊലീസ് അറസ്റ് ചെയ്തത്.
മുഖത്തെ മാംസം വരെ പറിച്ചെടുത്തിരുന്നതിനാല്‍ മൃതദേഹം മുരളിയുടേതാണെന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പല്ല് നോക്കിയാണ് ബന്ധുക്കള്‍ മുരളിയെ തിരിച്ചറിഞ്ഞത്.
ഊട്ടി ക്രൈംബ്രാഞ്ച് ഓമനയെ പ്രതിയാക്കി കേസ് രജിസ്റര്‍ ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്താതെ നിന്നു. ജാമ്യത്തിലിറങ്ങിയ ഓമന തൃശൂരില്‍ ഒരു ധ്യാനകേന്ദ്രത്തിലും കോഴിക്കോട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അവരെ പിടികൂടാനായില്ല.