ബിപിഎല്‍ മൊബൈല്‍ നിര്‍മ്മിയ്ക്കും
തിരുവനന്തപുരം: ഡിജിറ്റല്‍ സെല്ലുലാര്‍ ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിയ്ക്കാനുള്ള പദ്ധതിയ്ക്ക് ബി.പി.എല്‍ തുടക്കം കുറിക്കുന്നു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി. നമ്പ്യാര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. രണ്ടു മൂന്ന് മാസത്തിനകം ബിപിഎല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്ന് ടി.പി.ജി. നമ്പ്യാര്‍ പറഞ്ഞു. പാലക്കാട്ടെ ഫാക്ടറിയില്‍ ഇതിനകം 10,000 ഫോണുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ഇത് ഡെന്‍മാര്‍ക്കിലും കൊച്ചിയിലും പരീക്ഷിച്ചുവരികയാണ്.
500 കോടി രൂപയുടേതാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പദ്ധതി. സാനിയോ കമ്പനിയുമായി ചേര്‍ന്ന് റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികളുടെ ഉല്പാദനവും തുടങ്ങും. ഇതിന് 2,000 കോടി ഘട്ടംഘട്ടമായി ചെലവഴിയ്ക്കും. ബിപിഎല്‍ മൊബൈല്‍ സര്‍വീസ് രംഗം മെച്ചപ്പെടുത്താന്‍ 125 കോടി മുതല്‍മുടക്കും.
ബിപിഎല്‍ മൊബൈല്‍ സേവനരംഗത്ത് 4,000 കോടി മുടക്കിയെങ്കിലും പ്രതീക്ഷിച്ച ഗുണമുണ്ടായില്ല. ഇനി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാലേ ഈ രംഗത്ത് ഭാവിയുള്ളൂ. ഇതിന് 250 കോടി രൂപ മുതല്‍ മുടക്കണം. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. മൊബൈല്‍ സര്‍വീസ് രംഗം, പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണരംഗം, ടെലിവിഷന്‍ നിര്‍മ്മാണം ഈ രംഗങ്ങളില്‍ കമ്പനിയ്ക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ നിന്നും കമ്പനി പിന്‍വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മെഡിക്കല്‍, ഇലക്ട്രോണിക്സ് രംഗങ്ങളില്‍ ബിപിഎല്ലിന്റെ പദ്ധതി പുരോഗമിയ്ക്കുകയാണ്. - അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഭാവിയില്ലെന്ന പ്രചരണം തെറ്റാണ്. ഈ പ്രചാരണത്തിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ടു പോകാന്‍ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും ബിപിഎല്‍ അതിന് ഉദാഹരണമാണെന്നും നമ്പ്യാര്‍ പറഞ്ഞു.












Click it and Unblock the Notifications