അച്ചടക്ക നടപടിയെന്ന് പറഞ്ഞ് പേടിപ്പിക്കണ്ട: മുരളി
തിരുവനന്തപുരം: ആരും തന്നെ അച്ചടക്ക നടപടി സ്വീകരിയ്ക്കുമെന്ന് പറഞ്ഞ് പേടിപ്പിയ്ക്കണ്ടെന്ന് കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരന്‍. ഭാവിയെക്കുറിച്ച് ഭയമുള്ളവര്‍ക്കാണ് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഭയമുണ്ടാവുക. തനിയ്ക്കും തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കും അത്തരത്തില്‍ ഭയമുള്ളവരല്ല.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അപകടത്തിലാവാനാണ് വിധിയെങ്കില്‍ അങ്ങനെ സംഭവിക്കും. എന്തായാലും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഹൈക്കമാന്റ് നിരീക്ഷകര്‍ എറണാകുളത്തുണ്ടായിരുന്നല്ലോ. ഇനി തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷയാണ്. നടപടി എടുക്കുമെങ്കില്‍ എടുക്കട്ടെ. തിരഞ്ഞെടുപ്പ് ഫലംവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ നേരില്‍ കാണാമല്ലോ. എന്തും വരട്ടെ എന്നു കരുതുന്നവരെ പേടിപ്പിക്കാനാവുമോ?
ചിലരോടൊപ്പം നിന്നാലേ ഭാവിയുള്ളൂവെന്ന് കരുതുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടിക്ക് താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ മാറിനിന്ന പാര്‍ട്ടിനേതാക്കളുടെ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. മുരളി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പൊതുയോഗങ്ങളില്‍ പറയേണ്ടിയിരുന്നില്ല. അതിനുള്ള വേദിയല്ലത്. മുരളി ആന്റണിയെ വിമര്‍ശിച്ചു.
കരുണാകരന്റെ പ്രസ്താവനകളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുരളി പറഞ്ഞു. കപടനാടകത്തിലെ വില്ലന്‍ എന്ന ആന്റണിയുടെ പ്രസ്താവന തെറ്റല്ലേ? ഒരാള്‍ പറയുന്നത് ശരിയും മറ്റുള്ളവര്‍ പറയുന്നതെല്ലാം തെറ്റുമാണെന്നുള്ള നിലപാട് സാമാന്യബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. മുരളി ആരോപിച്ചു.












Click it and Unblock the Notifications