മണിശങ്കര്‍ അയ്യരെ അണ്ണാ ഡി.എം.കെ. കാര്‍ ആക്രമിച്ചു
കുംഭകോണം: കോണ്‍ഗ്രസ് എം പി മണിശങ്കരയ്യരെ ഒരു സംഘം എ ഐ എഡിഎം കെ കാര്‍ ആക്രമിച്ചു.
തമിഴ്നാട്ടിലെ മയിലാടും തുറൈ എം.പി.യാണ് മണിശങ്കര അയ്യര്‍. പോണ്ടിച്ചേരിയിലെ കാരയ്ക്കലിനടുത്തുള്ള വാഞ്ചൂരില്‍ വെച്ച് ഒരു സംഘം എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ മണിശങ്കര്‍ അയ്യരെ ആക്രമിച്ചതായി കോണ്‍ഗ്രസ് കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ആരുടെ ആക്രമണം ഉണ്ടായാലും താന്‍ തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടരുമെന്ന് മണിശങ്കര അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാഗപട്ടണത്ത് മുഖ്യമന്ത്രി ജയലളിത പങ്കെടുത്ത ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം മയിലാടും തുറൈക്ക് മടങ്ങും വഴിയാണ് അയ്യരുടെ കാറിനു നേരെ ആക്രമണമുണ്ടായത്. യോഗത്തില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ മുഖ്യമന്ത്രി ജയലളിതനടത്തിയ പരാമര്‍ശങ്ങളാണ് എ ഐ എ ഡി എം കെ ക്കാരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
ഗുരുവായൂര്‍ അമ്പലത്തില്‍ ജയലളിത ആനയെ നടയ്ക്കിരുത്തിയതിനെക്കുറിച്ച് രണ്ട് കൊല്ലം മുമ്പ് അയ്യര്‍ ഒരു ലേഖനത്തില്‍ എഴുതിയതിനെ യോഗത്തില്‍ ജയലളിത പരാമര്‍ശിച്ചതാണ് പ്രശ്നത്തിന് വഴിതെളിച്ചത്. താന്‍ ജയലളിതയെ തന്നെ നടയ്ക്കിരുത്തണമെന്ന അഭിപ്രായക്കാരനാണെന്ന് അയ്യര്‍ എഴുതിയതായാണ് ജയലളിത യോഗത്തില്‍ പറഞ്ഞത്.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടന്നത് സൂക്ഷിച്ച് വേണമെന്നും എഴുതുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിയ്ക്കണമെന്നും ജയലളിത പ്രസംഗത്തില്‍ താക്കീത് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ മൈക്കിനു മുമ്പില്‍ ആവര്‍ത്തിയ്ക്കാന്‍ തയ്യാറുണ്ടോ എന്ന് ജയലിളിത സ്റേജില്‍ മണിശങ്കര അയ്യര്‍ക്കെതിരെ വെല്ലുവിളിയും നടത്തി. ജയലളിതയുടെ പ്രസംഗത്തിന് ശേഷം മണിശങ്കര അയ്യര്‍ ജയലളിതയോട് പറഞ്ഞ ശേഷം യോഗത്തില്‍ നിന്ന് പോയി. യോഗം തീരുന്നതിന് മുമ്പേയാണ് അദ്ദേഹം പോയത്. അവിടെ വച്ച് കുഴപ്പം ഒന്നും ഉണ്ടായില്ല. പിന്നീടാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ കേടുപറ്റിയ കാറില്‍ തന്നെ മണിശങ്കര്‍ അയ്യര്‍ പോണ്ടിച്ചേരിക്ക് പോയി. മയിലാടുംതുറൈയിലെ മണിശങ്കര്‍ അയ്യരുടെ ഓഫീസിനുനേരെയും ആക്രമണമുണ്ടായി.