ഗവര്‍ണറെ സമീപിക്കുമെന്ന് പിണറായി
കോഴിക്കോട്: സ്പീക്കറെ നീക്കുന്നതിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് മുഖ്യമന്ത്രിയോ സ്പീക്കറോ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജനാധിപത്യ മര്യാദയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ സ്പീക്കര്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇതുരണ്ടുമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കും.
ഒക്ടോബര്‍ 18 ശനിയാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പ്രതിപക്ഷത്തിന്റെ നോട്ടീസിനോട് പ്രതികരിക്കേണ്ടത് സ്പീക്കറോ മുഖ്യമന്ത്രിയോ ആണെന്നിരിക്കെ നിയമസഭ വിളിച്ചുചേര്‍ക്കില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ പ്രസ്താവന നടത്തിയത് തീര്‍ത്തും നിരുത്തരവാദപരമായാണ്. അവകാശ ലംഘനം നടത്തിയത് സ്പീക്കറാണെന്നിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷത്തിനെതിരെ നല്‍കിയ നോട്ടീസിന് പ്രസക്തിയില്ല.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നോട്ടീസിനെ പിന്തുണക്കുമെന്നും പ്രമേയം സഭയില്‍ വിജയിക്കുമെന്നും പിണറായി പറഞ്ഞു. ഗ്രൂപ്പ് വഴക്ക് മൂര്‍ഛിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് പരിശോധിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്ന ആരോപണം പിണറായി തള്ളിക്കളഞ്ഞു.
മാറാട് കേസിലെ പ്രതികളുടെ കുടുംബങ്ങളുടെ പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിപക്ഷം വേണ്ട നടപടികളെടുക്കും.












Click it and Unblock the Notifications