ആന്റണിയും ദില്ലിയ്ക്ക്
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്റ് മുഖ്യമന്ത്രി ആന്റണിയെയും ദില്ലിയ്ക്ക് വിളിപ്പിച്ചു. ആന്റണി നവമ്പര്‍ മൂന്ന് ബുധനാഴ്ച ദില്ലിയ്ക്ക് തിരിക്കും.
മൂന്ന് ഘട്ടങ്ങളിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം തേടാനാണ് ഹൈക്കമാന്റ് ശ്രമമെന്നറിയുന്നു. കെ. കരുണാകരനുമായി തുറന്നചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനു പുറമെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, മുഖ്യമന്ത്രി ആന്റണി എന്നിവരുമായി വെവേറെ ചര്‍ച്ചകള്‍ നടത്താനാണ് ഹൈക്കമാന്റ് തീരുമാനം.
ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും ഐ ഗ്രൂപ്പ് തയ്യാറല്ല. എന്നാല്‍ ആന്റണിയെ മാറ്റുക എന്ന കാര്യം ഹൈക്കമാന്റിന് താല്പര്യമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ. മുരളീധരനെ മാറ്റണമെന്ന് എ ഗ്രൂപ്പും വാശിപിടിക്കുന്നു. എന്തായാലും പെട്ടെന്നൊരു പരിഹാരം കണ്ടെത്താവുന്ന പ്രശ്നമല്ല ഹൈക്കമാന്റിന്റെ മുമ്പിലുള്ളത്. ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിഹാരം കണ്ടെത്താനാണ് ഹൈക്കമാന്റ്ആഗ്രഹിയ്ക്കുന്നത്. പക്ഷെ ഇത് എത്ര കണ്ട് ഫലപ്രാപ്തിയിലെത്തുമെന്നറിയില്ല.
തിരുവല്ല ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഹൈക്കമാന്റിന്റെ തീരുമാനത്തെ സ്വാധീനിച്ചേയ്ക്കും. തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ഐ ഗ്രൂപ്പിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്റ് തുനിഞ്ഞേക്കും. ഇത് കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന് പോലും വഴിവച്ചേയ്ക്കുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.