കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ കരിതേയ്ക്കാന്‍ ആര്‍എസ്എസ് ശ്രമം: എംജിഎസ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ തന്നെ കരിതേച്ച് കാണിയ്ക്കാന്‍ ആര്‍എസ്എസ് ശ്രമം തുടങ്ങിയെന്ന് ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട എം.ജി.എസ്. നാരായണന്‍ പറഞ്ഞു.

ആര്‍എസ്എസ് അനുഭാവിയായ എം.ജി.എസ്. നാരായണനെ ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങള്‍ നടപ്പാക്കുന്നതിന് എതിര് നിന്നതിനാലാണ് പുറത്താക്കിയതെന്ന് പറയപ്പെടുന്നു.

നേരത്തെ സിപിഎമ്മിന്റെ ചില നയങ്ങളെ വിമര്‍ശിച്ചപ്പോള്‍ തന്നെ സിപിഎം വിമതനായും ആര്‍എസ്എസ് അനുഭാവിയായും ഇടതുപക്ഷക്കാര്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ആര്‍എസ്എസിന്റെ ചില രഹസ്യഅജണ്ടകളെ എതിര്‍ത്തപ്പോള്‍ തന്നെ ആര്‍എസ്എസ് വിരുദ്ധനായി മുദ്രകുത്തിയിരിക്കുന്നു. താന്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെയും അടിമയല്ല.- എംജിഎസ് പറഞ്ഞു.

ചെയര്‍മാന്‍ പദവിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ യഥാര്‍ത്ഥത്തില്‍ നിയമം അനുവദിയ്ക്കുന്നില്ല. കാരണം ചരിത്രഗവേഷണകൗണ്‍സില്‍ ചെയര്‍മാന്‍ പദവി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു പദവിയല്ല. അത് ഓണററി പദവിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ സേവകര്‍ക്ക് ബാധകമായ നിയമങ്ങളൊന്നും തനിയ്ക്ക് ബാധകമല്ലെന്നും എംജിഎസ് പറഞ്ഞു.

ചരിത്രഗവേഷണകൗണ്‍സിലിന്റെ പ്രതിച്ഛായ വര്‍ധിപ്പിയ്ക്കാനാണ് തന്നെ ചെയര്‍മാന്‍ പദവിയില്‍ ആര്‍എസ്എസ് നിയമിച്ചത്. എന്നാല്‍ അവരുടെ രഹസ്യനീക്കങ്ങളെ ഞാന്‍ എതിര്‍ക്കാന്‍ തുടങ്ങിയത് അവര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്നാണ് തനിയ്ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ കൊണ്ടുവന്നതും ഒടുവില്‍ തന്നെ മാറ്റിയതും.- എംജിഎസ് ചൂണ്ടിക്കാട്ടി. കെട്ടിച്ചമച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ തനിയ്ക്കെതിരെ സാമ്പത്തികക്രമക്കേടുകളും ഉന്നയിച്ചുവെന്നും എംജിഎസ് ആരോപിച്ചു.

ചരിത്രഗവേഷണ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി സര്‍ക്കാര്‍ കപില്‍ കുമാറിനെ നിയമിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധികാരത്തിന്മേലുള്ള കൈകടത്തലായിരുന്നു. കൗണ്‍സിലിനെ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് കപില്‍ കുമാര്‍. ഇതിനെ ഞാന്‍ എതിര്‍ത്തപ്പോള്‍ പലരും മധ്യസ്ഥതയ്ക്ക് വന്നു. മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ നിയമനം അംഗീകരിയ്ക്കണമെന്നും കപില്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചയുടന്‍ ലീവില്‍ പോയ്ക്കൊള്ളുമെന്നും പലരും എന്നോട് പറഞ്ഞു. എല്ലാവരും മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ മുഖം രക്ഷിയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഞാന്‍ ഇതിന് വഴങ്ങിയില്ല.- എംജിഎസ് വിശദീകരിച്ചു.

അതേ സമയം സര്‍ക്കാര്‍ തീരുമാനത്തെ താന്‍ കോടതിയില്‍ ചോദ്യം ചെയ്യില്ല. ഇപ്പോഴത്തെ അഴിമതിയില്‍ മുങ്ങിക്കുളിച്ച മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ ഈ ശിക്ഷാനടപടിയെ ഒരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ചരിത്ര ഗവേഷണം എന്ന മേഖലയ്ക്ക് വേണ്ടി താന്‍ ഭാവിയിലും അഭിമാനത്തോടെ നിലകൊള്ളും. ഏഴ്മാസത്തിനുള്ളില്‍ തന്റെ കാലാവധി തീരുമായിരുന്നു. മാത്രമല്ല, ഒരു മന്ത്രാലയവുമായി ശത്രുതയോടെ നിലകൊള്ളാന്‍ ആഗ്രഹമില്ല.- എംജിഎസ് പറഞ്ഞു.

കൗണ്‍സിലില്‍ കുറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ദില്ലിയ്ക്ക് ചുറ്റുമായി കറങ്ങിയിരുന്ന കൗണ്‍സിലില്‍ വികേന്ദ്രീകരണം കൊണ്ടുവരാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലഭിയ്ക്കുന്നതോടെ താന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒഴിയും. ഇപ്പോള്‍ ഞാന്‍ ഒരു സ്വതന്ത്രമനുഷ്യനാണ്. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X