പ്രമേഹത്തിന് മരുന്ന് കണ്ടുപിടിച്ചു: ഭട്ടാചാര്യ
കൊല്‍ക്കൊത്ത: പ്രമേഹം ഭേദമാക്കുന്നതിനുള്ള മരുന്ന് പശ്ചിമബംഗാളിലെ പരുളിയ മലയിലെ ഒരു സസ്യത്തില്‍ നിന്നും വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ ബയോളജിയിലെ ഡോ. എസ്. ഭട്ടാചാര്യ അവകാശപ്പെട്ടു.
ഐസിബി201 എന്നാണ് മരുന്നിന്റെ പേര്. പരുളിയ മലയിലെ ജനങ്ങള്‍ പ്രമേഹ രോഗത്തിന് ഈ ചെടി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുക്കാനായതെന്ന് ഭട്ടാചാര്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ പ്രമേഹത്തെ കുറിച്ചുള്ള ഒരു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രക്തത്തിലെ ഫാറ്റി ആസിഡിന്റെ അംശം കുറയ്ക്കുന്നതിലൂടെയാണ് ഐസിബി201 പ്രമേഹ രോഗികളില്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന തോതിലുള്ള ഫാറ്റി ആസിഡ് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് പ്രമേഹത്തിന് കാരണമാവുന്നുണ്ട്.
എലികളില്‍ മരുന്നിന്റെ ആദ്യഘട്ട പഠനം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടാം ഘട്ട പഠനം രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരുന്ന് വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ടുപിടുത്തത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. മരുന്ന് വികസിപ്പിക്കുന്നതിനുള്ള പഠനം നാല് വര്‍ഷം മുമ്പാണ് തുടങ്ങിയത്.
ഗ്ലൂക്കോസിനേക്കാള്‍ ഫാറ്റി ആസിഡാണ് പ്രമേഹത്തിന് കൂടുതലായും കാരണമാവുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെലിഞ്ഞ ആളുകളിലും പ്രമേഹം കാണപ്പെടുന്നത് ഇതുമൂലമാണ്.
രണ്ടാം വിഭാഗത്തില്‍ പെടുന്ന പ്രമേഹം ചികിത്സിച്ച് ഭേദമാക്കാന്‍ പ്രായോഗികമായി മരുന്നില്ല. ആദ്യതരം പ്രമേഹത്തില്‍ ഇന്‍സുലിന്റെ അപര്യാപ്തതയാണ് കണ്ടുവരുന്നത്. രണ്ടാം തരം പ്രമേഹത്തില്‍ ഇന്‍സുലിന്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാനാവാതെ വരുന്നു. ഇപ്പോള്‍ രണ്ടു തരം പ്രമേഹത്തിനും രോഗികള്‍ ഇന്‍സുലിന്‍ നല്‍കി ചികിത്സിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ദോഷം ചെയ്യാവുന്നതാണെന്ന് ഭട്ടാചാര്യ പറഞ്ഞു.












Click it and Unblock the Notifications