വഴക്കിനെ തുടര്‍ന്ന് പള്ളി ആര്‍ഡിഒ ഏറ്റെടുത്തു
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ പ്രാര്‍ഥന നടത്തുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് അരൂര്‍ മേരിഗിരി സെന്റ്മേരീസ് പള്ളി മൂവാറ്റുപുഴ ആര്‍ഡിഒ കെ. സി. ഉത്തമന്‍ ഏറ്റെടുത്തു.
മലങ്കര സഭയിലെ യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പളളികളിലൊന്നാണ് സെന്റ് മേരീസ് പള്ളി. രണ്ട് വിഭാഗങ്ങള്‍ക്കും പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ ജില്ലാ അധികൃതര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ വിഭാഗം എല്ലാ ദിവസവും വൈകീട്ട് 7.30ഓടെ പ്രാര്‍ഥന അവസാനിപ്പിക്കണം.
ജനവരി ആറ് ചൊവാഴ്ച ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ഫാ. ഏലിയാസ് ചെറുകാട് പള്ളിയിലെത്തിയപ്പോള്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും യാക്കോബായ വിഭാഗം പ്രാര്‍ഥന തുടരുകയായിരുന്നു. 7.45 ഓടെ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഒരു കൂട്ടം പേരുമായി ഫാ. ചെറുകാട് പള്ളിയില്‍ പ്രവേശിച്ചത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായി. ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു.
പള്ളി പരിസരത്ത് ഇരുവിഭാഗത്തിലെയും ആളുകള്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതിനിടെ ഫാ. ചെറുകാടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പ്രതിഷേധ സൂചകമായി പള്ളിയില്‍ കുത്തിയിരുപ്പ് തുടങ്ങി.
ആര്‍ഡിഒ ഉത്തമന്‍, ഡിവൈഎസ്പി കെ. ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് പൊലീസ് പള്ളി വളപ്പില്‍ നിന്നും ആളുകളെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത് പള്ളി പൂട്ടി.
അടുത്തയാഴ്ച ഇരുവിഭാഗക്കാരെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് ആര്‍ഡിഒ അറിയിച്ചു. ഇരുവിഭാഗവും ഒരു ഒത്തുതീര്‍പ്പിലെത്തുകയാണെങ്കില്‍ മാത്രമേ പള്ളി വീണ്ടും തുറയ്ക്കുകയുള്ളൂവെന്ന് ആര്‍ഡിഒ വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് കൈയേറ്റം ചെയ്തതായി ആരോപണമുണ്ട്.












Click it and Unblock the Notifications