കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് ലീഗ് ഓഫീസുകള്‍ തകര്‍ത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറത്ത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് വൈകാതെ തന്നെ സി പി എം പകരം തീര്‍ത്തും. വൈകീട്ട് ഏഴരയോടെ തിരുവനന്തപുരത്ത് മുസ്ലീംലീഗിന്റെ ഓഫീസുകള്‍ ഭാഗികമായി അടിച്ചുതകര്‍ത്തായിരുന്നു മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പകരം വീട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ. നേതൃത്ത്വം വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ. പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ സംശയം.

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസും ബ്രാഞ്ച് കമ്മിറ്റി ഓഫീസുമാണ് അക്രമികള്‍ ഭാഗികമായി തകര്‍ത്തത്.

നന്ദാവനം - ബേക്കറി ജങ്ങ്ഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് ജില്ലാകമ്മിറ്റി ഓഫീസിന് നേര്‍ക്കും പാളയത്തുള്ള ലീഗ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേര്‍ക്കുമാണ് ആക്രമണമുണ്ടായത്.

പാളയം മാര്‍ക്കറ്റിന് ഇടതുവശത്ത് ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിലേയ്ക്ക് ആദ്യം കല്ലേറുണ്ടായി. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുനേരെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.ക്കാര്‍ വൈകീട്ട് ആറരയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തിയ വേളയിലായിരുന്നു ഈ ആക്രമണം. പ്രകടനത്തിന്റെ പിന്‍നിരയിലുള്ളവര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിന് നേര്‍ക്ക് ആദ്യം കല്ലെറിഞ്ഞു. ശേഷം കൊടിമരം ഒടിച്ചിട്ടു. തുടര്‍ന്ന് ഓഫീസിനുനേര്‍ക്ക് കല്ലെറിഞ്ഞു.

അല്പം കഴിഞ്ഞ് രാത്രി 7.10-ഓടെയാണ് നന്ദാവനം - ബേക്കറി ജംഗ്ഷന്‍ റോഡിലുള്ള മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായത്. മുപ്പതോളം വരുന്ന സംഘം മുന്‍വശത്തുള്ള ബോര്‍ഡിനു നേരെ ആദ്യം കല്ലേറ് നടത്തി. അതിനുശേഷം ഗ്രില്‍ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്നു. ഓഫീസിന്റെ മുന്‍വശത്തുള്ള രണ്ട് ഗ്ലാസ് വാതിലുകള്‍ അടിച്ചുതകര്‍ത്തു. ഹാളിലുണ്ടായിരുന്ന മേശയും കസേരകളും കേടുവരുത്തി. അടുക്കിവച്ചിരുന്ന കസേരകള്‍ നിലത്തടിച്ചാണ് തകര്‍ത്തത്. പുറത്തിറങ്ങിയ സംഘം കൊടിമരം ഒടിച്ചിട്ടു. സ്ഥലത്തുനിന്നും കൊടിയും ഇവര്‍ കൈക്കലാക്കി.

സംഭവത്തിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് ഓഫീസുകള്‍ക്കുനേരെ ആക്രമണം നടത്തിയതെന്ന് മുസ്ലീംലീഗ് നേതാവ് ബീമാപള്ളി റഷീദ് ആരോപിച്ചു.

അക്രമം നടത്തിയത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. ഇതുസംബന്ധിച്ച് മൊഴിയെടുത്തുവരികയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X