കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അമ്പതോളം പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കടല്‍ക്ഷോഭത്തില്‍ 50 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 29 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ മാത്രം 18 പേര്‍ മരിച്ചു. മധ്യകേരളത്തില്‍ 14 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലത്ത് കടലാക്രമണത്തില്‍ 250ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ കടലാക്രമണത്തില്‍ 29 മരണം
സമയം 4.45 പിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തിലാണ് മിക്കവരും മരിച്ചത്. കൊല്ലത്തെ ആലപ്പാട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ വീടുകളില്‍ കടല്‍വെള്ളം കയറി പലരും മരിച്ചു. ഈ സ്ഥലങ്ങളില്‍ മൂന്ന്് കിലോമീറ്ററോളം ദൂരം കരയിലേക്ക് കടല്‍ ഇരച്ചുകയറിയിട്ടുണ്ട്.

നൂറു കണക്കിനാളുകളെ ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കടല്‍ക്ഷോഭമുണ്ടായി. വൈപ്പിനില്‍ ബോട്ടുകള്‍ ഒലിച്ചുപോയി. കണ്ണൂരില്‍ ആയിക്കരയിലും തലശേരിയിലും മലപ്പുറത്ത് പൊന്നാനിയിലും കടല്‍ കരയിലേക്ക് ഇരച്ചുകയറി.

കടലാക്രമണം: കേരളത്തില്‍ മരണം 14 ആയി
സമയം 4.25 പിഎം

കൊല്ലം: കേരളത്തില്‍ കടലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കരുനാഗപ്പള്ളിയില്‍ എട്ട് പേര്‍ മരിച്ചു.

കടലാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരുനാഗപ്പള്ളിയിലും ചേര്‍ത്തലയിലും പരിക്കേറ്റവരെ നിരവധി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ മുഴപ്പിലങ്ങാട്ട് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു മത്സ്യത്തൊഴിലാളി ഹൃദയസ്തംഭനം മൂലം മരിച്ചു.

കടലാക്രമണം: കേരളത്തില്‍ മരണം ആറായി
സമയം 3.30 പിഎം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കടലാക്രമണത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി.

ആലപ്പുഴ ജില്ലയിലെ അഴീക്കലില്‍ പെരുമ്പള്ളി മാധവി (55), കിടങ്ങില്‍ കവിത (17), കാക്കരി മേരി (44), അരയാശേരി ക്ലമന്റീനോ (60), കാക്കരി വീട്ടില്‍ ജോണ്‍ ബോസ്കോ, കൊല്ലത്ത് ശക്തികുളങ്ങരയില്‍ ആല്‍ബിന ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്.

തീരപ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത വിഴിഞ്ഞം മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

കടല്‍ക്ഷോഭത്തില്‍ ആലപ്പുഴയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ആശ്വാസമായി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.

തലശേരിയിലും മലപ്പുറത്തും കടലാക്രമണമുണ്ടായി. കൊടുങ്ങല്ലൂരില്‍ മീന്‍ പിടിക്കാന്‍ പോയ ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല.

ചേര്‍ത്തലയില്‍ കടലാക്രമണം; രണ്ടു മരണം
ഡിസംബര്‍ 26, 2004
സമയം 1.30 പിഎം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ അഴീക്കല്‍ തീരപ്രദേശത്ത് വീടുകളില്‍ കടല്‍വെള്ളം കയറി രണ്ടു പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

കടലാക്രമണത്തില്‍ അഴീക്കലിലെ എഴുപതോളം വീടുകള്‍ തകര്‍ന്നു. പരിക്കേറ്റവരെ ചേര്‍ത്തലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അഴീക്കലില്‍ ജില്ലാ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലും ശക്തമായ കടലാക്രമണമുണ്ടായി. കോവളത്തും ശംഖുഖത്തും തിരമാലകള്‍ ഉയര്‍ന്നിട്ടുണ്ട്. കടല്‍ കരയിലേക്ക് കയറിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊല്ലത്ത് തങ്കശേരി, മരുത്തടി എന്നിവിടങ്ങളില്‍ കടല്‍ കരയിലേക്ക് ഇരച്ചുകയറി. വൈപ്പിനില്‍ ബോട്ടുകള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും കടലാക്രമണമുണ്ടായി.

കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X