കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ രാഷ്ട്രീയക്കാര്‍ക്ക് വ്യാജപ്പട്ടയം

  • By Staff
Google Oneindia Malayalam News

കോട്ടയം: ഇടുക്കി ജില്ലയില്‍ വ്യാപകമായിട്ടുള്ള വ്യാജപ്പട്ടയങ്ങളില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ടവര്‍ക്കും പങ്കുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഡീഷണല്‍ ഡിജിപി. രാജന്‍ മധേക്കറാണ് ജില്ലാ കളക്ടര്‍ക്ക് ഈ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ മൂവായിരത്തോളം പേര്‍ക്കു വ്യാജപ്പട്ടയമുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എസ്. രാജേന്ദ്രനും ഉള്‍പ്പെടുന്നു. അടിമാലിയിലെ കേരള കോണ്‍ (എം) നേതാവ് കെ. എന്‍. ജോസ്, സിഎംപി മൂന്നാര്‍ ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണന്‍, എഐവൈഎഫ് മൂന്നാര്‍ മണ്ഡലം സെക്രട്ടറി ഗാന്ധി, കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളായ പനീര്‍, മുരുകന്‍, മാത്യു, കെ. എസ്. ബാബു എന്നിവരാണ് വ്യാജപ്പട്ടയമുള്ള മറ്റു ചില രാഷ്ട്രീയനേതാക്കള്‍.

മൂന്നാര്‍ കോളനി റോഡില്‍ കെടിഡിസി. ഹോട്ടലിന് എതിര്‍വശത്ത് സര്‍വേ നമ്പര്‍ 843എയില്‍ കെഎസ്ഇബി വകയായുള്ള എട്ടുസെന്റ് ഭൂമിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എസ്. രാജേന്ദ്രന്‍ വ്യാജപ്പട്ടയം നേടിയിട്ടുള്ളത്. പൈനാവില്‍ വനംവകുപ്പുവക സ്ഥലം കയ്യേറിയാണ് സിപിഐ പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. പൈനാവിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ 5000 മുതല്‍ 25,000 വരെ രൂപവാങ്ങിയാണത്രെ ഈ മേഖലയില്‍ വ്യാജപ്പട്ടയ വിതരണം നടത്തിയിട്ടുള്ളത്.

മൂന്നാര്‍ ഗ്രാഷിം ലാന്‍ഡ് റോഡിനു സമീപം വ്യാജപ്പട്ടയം നേടിയ ഭൂമിയിലാണ് യുണൈറ്റഡ് ക്രിസ്റ്യന്‍ ഫെലോഷിപ്പിന്റെ പ്രാര്‍ഥനാലയം സ്ഥിതി ചെയ്യുന്നതെന്ന് രാജന്‍ മധേക്കറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ വ്യാജപ്പട്ടയമുള്ളവരില്‍ ചില വ്യാപാരികളും ഉള്‍പ്പെടുന്നു.

വാഗമണ്‍ മേഖലയില്‍ വ്യാജപ്പട്ടയം നേടിയിട്ടുള്ളവരില്‍ പലരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. പാലാ, പാമ്പാടി, ചങ്ങനാശ്ശേരി, എറണാകുളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍പ്പെടുന്നു.

വ്യാജപ്പട്ടയം സംബന്ധിച്ചും അത്തരം ഭൂമിയുടെ നികുതി സംബന്ധിച്ചും വില്ലേജ് ഓഫീസുകളില്‍ വ്യാജ രജിസ്ററുകള്‍ സൂക്ഷിച്ചിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇവ നശിപ്പിച്ചു.

വ്യാജപ്പട്ടയമുള്ള ചിലര്‍ക്ക് അവരുടെ ഭൂമി എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയാണ്. അഞ്ചു സെന്റുമാത്രം കൈവശമുള്ളവര്‍ക്ക് അന്‍പതു സെന്റിന്റെ പട്ടയമുള്ളതായും മറ്റുചിലര്‍ പട്ടയമുള്ളതിനെക്കാള്‍ വളരെയേറെ ഭൂമി കൈവശം വച്ചിരിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

മൂന്നാര്‍, പൈനാവ്, വാഗമണ്‍ പ്രദേശങ്ങളിലെ വ്യാജപ്പട്ടയവിതരണത്തിന് ഉത്തരവാദികളായ 19 ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. ഇവിടുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് റിട്ടയര്‍മെന്റുവരെ അവിടെത്തന്നെ തുടരാന്‍ അവസരം ലഭിക്കുന്നതാണ് വ്യാജപ്പട്ടയം കൂടാനിടയാക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഉദ്യോഗസ്ഥരും ഈ പ്രദേശങ്ങളിലെ റവന്യൂ ഓഫീസുകളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. വ്യാജപ്പട്ടയം സംഘടിപ്പിച്ചു കൊടുക്കുന്നതില്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന 15 പേരെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏജന്റുമാരില്‍ 8 പേര്‍ റവന്യൂ ഉദ്യോഗസ്ഥരും രണ്ടുപേര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X