വോട്ടെടുപ്പിനായി വ്യാഴാഴ്ച ബൂത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കൂത്തുപറമ്പ്, അഴിക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 31 ചൊവാഴ്ച അഞ്ച് മണിക്ക് അവസാനിച്ചപ്പോള്‍ മണ്ഡലങ്ങള്‍ വോട്ടെടുപ്പിന് സജ്ജമായി.

ഇരുമണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളതെങ്കില്‍ അഴീക്കോട് മണ്ഡലത്തില്‍ ഒരു അട്ടിമറി നടത്താമെന്ന കണക്കകൂട്ടല്‍ യുഡിഎഫിനുമുണ്ട്. യുഡിഎഫ് ചില പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു കണ്ടാണ് അഴീക്കോട് മണ്ഡലത്തില്‍ ആര്‍എസ്എസ് വോട്ടുകള്‍ മറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി എതിര്‍പക്ഷം പരാതിപ്പെടുന്നത്. ഇരുമണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത ബിജെപി നിലപാട് ഈ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനും കെ. പ്രഭാകരനും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ അഴീക്കോട് കെ. പ്രകാശനും സി. എ. അജീറും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇരുമുന്നണികളും ആവേശം മൂത്ത പ്രചാരണക്കൊഴുപ്പിലായിരുന്നു അവസാനദിവസം. പ്രചരണത്തിന്റെ അവസാന ദിവസം ഇരുകൂട്ടരും പ്രമുഖ നേതാക്കളെയെല്ലാം കണ്ണൂരിലെത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെ പ്രമുഖനേതാക്കള്‍ കണ്ണൂരിലെത്തിയപ്പോള്‍ അവസാന ദിവസവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രചരണത്തില്‍ സജീവമായിരുന്നു.

രണ്ട് മണ്ഡലങ്ങളിലായി 269 ബൂത്തുകളിലാണ് പോളിംഗ് നടക്കുക. കൂത്തുപറമ്പില്‍ 148ഉം അഴീക്കോട് 121ഉം പോളിംഗ് ബൂത്തുകളാണുള്ളത്. കൂത്തുപറമ്പില്‍ 1,53,231 വോട്ടര്‍മാരും അഴീക്കോട് 1,30,037 വോട്ടര്‍മാരുമാണുള്ളത്. ഇരുമണ്ഡലങ്ങളിലെയും സര്‍വീസ് വോട്ടുകളുടെ എണ്ണം യഥാക്രമം 534ഉം 380ഉം ആണ്.

ഉപതിരഞ്ഞെടുപ്പിന് വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വളപട്ടണത്തെയും കൂത്തുപറമ്പിലെയും കണ്‍ട്രോള്‍ റൂമുകളിലേക്കായി 1800 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്