ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഭാവിയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനകാര്യത്തിലുള്ള സിപിഎം നയം കേരളത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മമ്പറത്ത് കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പ്രഭാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

പാര്‍ട്ടിക്ക് എന്തു നേട്ടവുമുണ്ടാകാം, എന്നാല്‍ കേരളത്തിന് അതുപാടില്ലെന്നാണ് സിപിഎം നിലപാട്. സിപിഎമ്മിന് 4000 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇത് ജനങ്ങളുടെ സ്വത്താണെന്നാണ് പാര്‍ട്ടി ഭാഷ്യം.

തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശ്രമങ്ങളെ സിപിഎം എതിര്‍ക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കുന്നത് ഇതിനുദാഹരണമാണ്. പാര്‍ട്ടിക്ക് കുത്തകയെയോ ബുര്‍ഷ്വാകളെയോ കൂട്ടുപിടിച്ച് സ്വത്തുണ്ടാക്കാം, എന്നാല്‍ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനാവില്ലെന്ന നയത്തെ അനുകൂലിക്കാനാകില്ല. ബംഗാളിലെ സിപിഎം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലും നടപ്പാക്കാന്‍ സിപിഎം അനുവദിക്കണം.

യുഡിഎഫില്‍ നിന്നും ചിലര്‍ വിട്ടുപോയപ്പോള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പ് വര്‍ദ്ധിച്ചു. എന്നാല്‍ എല്‍ഡിഎഫില്‍ ഇപ്പോള്‍ യോഗം ചേരാന്‍ പോലും ആവാത്ത അവസ്ഥയാണ്. അതാണ് രാജ്യസഭയിലേക്ക് അവര്‍ സ്ഥാനാര്‍ത്ഥിയെ നിറുത്താതിരുന്നത്. ബിജെപിയും യുഡിഎഫും തമ്മില്‍ ബന്ധമുണ്ടെന്ന സിപിഎം പ്രചാരണം വ്യാജമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്