കൊക്കക്കോള കമ്പനി നികുതിവെട്ടിപ്പു നടത്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി വന്‍നികുതി വെട്ടിപ്പ് നടത്തുന്നതായി വാണിജ്യനികുതി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. നികുതി വെട്ടിപ്പു നടത്തിയതിന് പിഴയായി 30 ലക്ഷം രൂപയടക്കാന്‍ ഇന്റലിജന്‍സ് ഓഫീസര്‍ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കമ്പനി നിര്‍മിക്കുന്ന കിന്‍ലെ എന്ന പേരില്‍ വില്‍പന നടത്തുന്ന മിനറല്‍ വാട്ടറിന് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന വില്‍പന നികുതിയുടെ പകുതി പോലും അടയ്ക്കുന്നില്ലെന്നാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. മിനറല്‍ വാട്ടറിനു വേണ്ടി 20 ശതമാനം വില്‍പനനികുതിയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇതില്‍ എട്ടു ശതമാനം മാത്രമെ നികുതിയിനിത്തില്‍ സര്‍ക്കാരിലേക്ക് അടക്കുന്നുള്ളൂ.

2003-04 വരെ കമ്പനി കൃത്യമായി നികുതിയടച്ചിരുന്നു. എന്നാല്‍ 2004 ഏപ്രില്‍ മുതല്‍ 2005 ഫെബ്രുവരി വരെയുളള സമയത്ത് വിറ്റുവരവായ ഒരു കോടി ഒന്‍പതുലക്ഷം രൂപക്ക് എട്ടുശതമാനം നികുതി മാത്രമെ അടച്ചിട്ടുള്ളൂ. കമ്പനി ഇതിനു പറഞ്ഞ ന്യായം കിന്‍ലെ മിനറല്‍ വാട്ടറല്ലെന്നും പാക്കറ്റിലാക്കിയ കുടിവെള്ളം മാത്രമാണെന്നുമായിരുന്നു. പക്ഷേ ഉപഭോക്താക്കളില്‍ നിന്ന് കമ്പനി ഈടാക്കിയത് മിനറല്‍ വാട്ടറിനുള്ള നികുതിയായിരുന്നു.

കമ്പനി ഡീലര്‍മാര്‍ക്ക് നല്‍കിയ വിലവിവരപ്പട്ടിക ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചതിലൂടെയാണ് തട്ടിപ്പു കണ്ടെത്തിയത്.

ഭൂഗര്‍ഭജലം ഊറ്റുന്നതിനെതിരെ കമ്പനിക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നികുതിവെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്