പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടില്ല: തിരഞ്ഞെടുപ്പ് കമ്മിഷണര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സപ്തംബറില്‍ തന്നെ നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസ് അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ജൂണ്‍ 15ന് പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തു നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിയാല്‍ അത് ഭരണഘടനാ ലംഘനമാവും. അതിനാല്‍ സപ്തംബറിനപ്പുറത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടാനാകില്ല. നിയമമനുസരിച്ച് ഒരു പഞ്ചായത്ത് പിരിച്ചുവിട്ടാലാണ് ആറു മാസത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടത്താനാവുന്നത്. പഞ്ചായത്തിന്റെ കാലാവധി കഴിഞ്ഞാല്‍ അതിനാവില്ല. അതുകൊണ്ടു തന്നെ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തുവിവരത്തിന് പുറമെ സ്ഥാനാര്‍ഥികള്‍ക്ക് കുറ്റകൃത്യപശ്ചാത്തലമുണ്ടെങ്കില്‍ അതും വെളിപ്പെടുത്തണം. രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ വ്യവസ്ഥ നടപ്പിലാക്കുന്നത്. സ്ഥാനാര്‍ഥികള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അയോഗ്യത കല്പിക്കപ്പെടും.

കടട് വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ജൂണ്‍ 15ന് പുറത്തിറക്കുന്ന വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും പരാതികളും ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷകളില്‍ ജൂലൈ 15ഓടെ തീര്‍പ്പുണ്ടാവും. അന്തിമപട്ടിക ജൂലൈ 30ന് പ്രസിദ്ധീകരിക്കും. വാര്‍ഡ് വിഭജനം അടുത്ത മാസം പൂര്‍ത്തിയാവും. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് യന്ത്രം ഉപയോഗിക്കാനാണ് തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്