വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതി: ഉമ്മന്‍ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രവാസി മലയാളികളുമായി സഹകരിച്ച് ഒരു വിമാനസര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

വിദേശമലയാളികള്‍ക്ക് വോട്ടവകാശം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശമലയാളികളും വികസനവും എന്ന വിഷയത്തില്‍ കോഴിക്കോട് മലബാര്‍ പാലസില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗള്‍ഫിലേക്ക് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് എയര്‍ അറേബ്യ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതി. എയര്‍ ഇന്ത്യ ഈടാക്കുന്നതിന്റെ പകുതി നിരക്കില്‍ ഗള്‍ഫിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എയര്‍ അറേബ്യ എംഡി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ എയര്‍ ഇന്ത്യ ഗള്‍ഫിലേക്ക് അമിതവിമാനക്കൂലിയാണ് ഈടാക്കുന്നത്. ഗള്‍ഫ് മേഖലയിലേക്കുള്ള അത്രയും ഭീമമായ വിമാനക്കൂലി മറ്റെങ്ങുമില്ല.

വിദേശഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാക്കാനായി കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ക്കും സോണിയാഗാന്ധിക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായാണ് പൊലീസ് വകുപ്പില്‍ എന്‍ആര്‍ഐ സെല്‍ തുടങ്ങിയത്.

ഗള്‍ഫ് ജോലികളുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. ഗള്‍ഫ് ജോലി മലയാളികളുടെ സ്വപ്നമാണെന്നറിയാവുന്ന ഏജന്‍സികളാണ് തട്ടിപ്പു തടത്തുന്നത്. ഇവര്‍ വഴി ഗള്‍ഫിലെത്തുന്ന പലരും വിചാരിച്ച ജോലി ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജഗദീഷ് ടൈറ്റ്ലര്‍ മുഖ്യാതിഥിയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്