സ്വാശ്രയ കോളജ്: ഭരണഘടനാ ഭേദഗതി വേണമെന്ന് കേരളം
ദില്ലി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് ഘടന സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കാനായി ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര മാനുഷികവിഭവശേഷി വികസന മന്ത്രി അര്‍ജുന്‍സിംഗിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നയരൂപവത്കരണം നടത്തുന്നതിനായി ആഗസ്ത് 27ന് വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് അര്‍ജുന്‍സിംഗ് അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുവെങ്കില്‍ ഭരണഘടനാ ഭേഗതി വരുത്തുന്നത് ആലോചിക്കണമെന്ന് അര്‍ജുന്‍സിംഗിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. സുപ്രിം കോടതി വിധി മറികടക്കുന്നതിന് നിയമനിര്‍മാണം അപര്യാപ്തമായേക്കുമോയെന്ന ആശങ്കയുള്ളതിനാലാണ് ഈ ആവശ്യമുയര്‍ത്തിയത്.
രണ്ട് സ്വാശ്രയ കോളജുകള്‍ ഒരു സര്‍ക്കാര്‍ കോളജിന് തുല്യമായിരിക്കണമെന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചുപോന്ന നിലപാടെന്നും ഈ നയം നടപ്പിലാക്കുന്നതിനായാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു റണ്‍വേ മാത്രമായി കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവള വിപുലീകരണ പദ്ധതിക്ക് അനുമതി കിട്ടിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.