കരുണാകരന്‍ ചെയ്തത് ചരിത്രവിഡ്ഢിത്തം: ആന്റണി
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടതിലൂടെ കെ.കരുണാകരന്‍ ചെയ്തത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി തന്റെ ഇപ്പോഴത്തെ നിലപാടിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ടതില്‍ ഇപ്പോള്‍ കരുണാകരന്‍ പശ്ചാത്തപിക്കുന്നുണ്ടാവുമെന്നും ആന്റണി പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് കരുണാകരനും എല്‍ഡിഎഫും ധാരണയുണ്ടാക്കിയതെന്ന് ഇരുവരും വേദി പങ്കിട്ട് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് സമയത്തു പോലും പരസ്പരം കലഹിക്കുന്ന ഇരുകക്ഷികളും തമ്മില്‍ ധാരണയിലെത്തിയതിനെന്തിനായിരുന്നു? തിരഞ്ഞെടുപ്പ്സമയത്ത് ഇരുപാര്‍ട്ടികളുടെയും 30 വര്‍ഷത്തെ നിലപാട് ചര്‍ച്ചാ വിഷയമാക്കാനായിരുന്നോ ഈ ധാരണയെന്നും ആന്റണി ചോദിച്ചു. സപ്തംബര്‍ 22 ചൊവ്വാഴ്ച കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ സിപിഎം വിരുദ്ധ വികാരം കുത്തിവച്ച കരുണാകരനും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.