ചാവക്കാട് സ്വദേശി ഇറാഖ് ജയിലില്‍
ചാവക്കാട്: ചാവക്കാട് സ്വദേശിയെ ഇറാഖി സൈന്യം തടവിലാക്കിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു.
ചാവക്കാട് തെക്കഞ്ചേരി വലിയകത്ത് കൈതയ്ക്കല്‍ പരേതനായ ഹസന്‍ അലിയുടെ മകന്‍ നവാസാണ് (34) ഇറാഖിലെ അല്‍-ബസ്ര്ര ജയിലില്‍ കഴിയുന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
കുവൈത്തില്‍ നിന്ന് ഇറാഖിലെ അമേരിക്കന്‍ സേനയ്ക്ക് ഭക്ഷണവും മരുന്നും കൊണ്ടുപോകുന്ന കണ്ടെയ്നറിന്റെ ഡ്രൈവറായിരുന്നു നവാസ്. കുവൈത്തിലെ അല്‍ താന്‍മിയ കമ്പനിയിലാണ് നവാസ് ജോലിചെയ്തിരുന്നത്.
മതിയായ രേഖകള്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് നവാസ് പൊലീസിന്റെ പിടിയിലായതെന്ന് പറയപ്പെടുന്നു. കണ്ടെയ്നറില്‍ ഇറാഖി അതിര്‍ത്തി കടന്നപ്പോള്‍ രണ്ടാമത്തെ ചെക്ക് പോസ്റില്‍ യാത്രാരേഖകളുമായി കമ്പനിയുടെ പ്രതിനിധി എത്താത്തതുകൊണ്ടാണ് പരിശോധനാ സമയത്ത് മതിയായ രേഖകള്‍ കാണിക്കാന്‍ നവാസിന് കഴിയാതിരുന്നതത്രെ.
കമ്പനിയുടെ മാനേജര്‍ മലയാളിയായ ജോര്‍ജും ജനറല്‍ മാനേജര്‍ ലബനണ്‍കാരനുമാണ്. ലബനണില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ജനറല്‍ മാനേജര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ക്കു കിട്ടിയ വിവരം.
ഇറാഖിലേയ്ക്ക് പോയ നവാസിന്റെ രണ്ടുമാസമായിട്ടും തിരകെ കാണാഞ്ഞ് അന്വേഷിച്ചപ്പോഴാണ് തടവിലായ വിവരം കൂട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നാണിവര്‍ നവാസിന്റെ ചാവക്കാട്ടുള്ള വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത്.
സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും നവാസിനെ ജയില്‍ മോചിതനാക്കാനുളള ശ്രമം അരംഭിച്ചിട്ടുണ്ട്. 20 വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന നവാസ് ഒന്നര വര്‍ഷമായി അല്‍-താന്‍മിയ കമ്പനിയിലെ ഡ്രൈവറാണ്.
നവാസിനെക്കൂടാതെ മറ്റ് നാല് ഇന്ത്യക്കാര്‍കൂടി തടവില്‍ക്കഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications