തന്ത്രി വിവാദം: ദുരൂഹതയുണ്ടെന്ന് അഭിഭാഷകര്‍
കൊച്ചി: ശബരിമലക്ഷേത്രത്തെയും തന്ത്രി കുടുംബത്തെയും കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് പുതിയ വിവാദമെന്ന് കണ്ഠരര് മോഹനരുടെ അഭിഭാഷകര്‍ ആരോപിച്ചു.
കേസന്വേഷണത്തിന് പൊലീസ് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്നും അഭിഭാഷകരായ കെ.രാംകുമാറും കൃഷ്ണമൂര്‍ത്തിയും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തന്ത്രിക്കെതിരായ ലൈംഗികാരോപണക്കേസില്‍ ദേവസ്വംബോര്‍ഡ് അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. പൊലീസ് ശരിയായ രീതിയില്‍ കേസ് അന്വേഷിച്ചാല്‍ തന്ത്രി അനുഭവിക്കുന്ന പല പീഡനങ്ങളും മറ്റ് പല ഉന്നതരും അനുഭവിക്കുന്നുണ്ടെന്ന് തെളിയും.
തന്ത്രിയെ മനപ്പൂര്‍വം കുടുക്കാനുള്ള ശ്രമമായിരുന്നു. ഈ കേസ് വഴിതിരിച്ച് വിടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്ത്രിയുടെ വാഹനത്തെ പിന്തുടര്‍ന്ന ഒരു സംഘം കുടുംബമായി താമസിക്കുന്ന ഒരു വീട്ടില്‍ അതിക്രമിച്ച് കയറുകയും മോശമായ രീതിയില്‍ പെരുമാറുകയും തന്ത്രിയെ മോശമായി രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം തന്ത്രി കുറ്റക്കാരന്‍ എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരമെന്ന് അഭിഭാഷകര്‍ ചോദിച്ചു.
ഇപ്പോള്‍ ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്ക് കേസില്‍ സംശയം തോന്നിയതുകൊണ്ടായിരിക്കാം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇംഗ്ലീഷും ഹിന്ദിയും മാത്രം അറിയാവുന്ന ഒരു സംഘമാണ് തന്ത്രിയെ ആക്രമിച്ചത്. ഇവരെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം വാദിയെ പ്രതിയാക്കുന്ന ഏര്‍പ്പാടാണ് പൊലീസ് നടത്തിയത്.
തന്ത്രിയെ ആക്രമിച്ചവരുടെ ലക്ഷ്യമെന്ത്, ശബരിമലയെ പൊതുവെ താറടിച്ച് കാണിക്കാനുള്ള ശ്രമമായിരുന്നോ തുടങ്ങിയവ അന്വേഷിക്കേണ്ടതായിരുന്നു. ഇതന്വേഷിക്കാതെ ഭര്‍ത്താവുമൊത്ത് കഴിയുന്ന 52 വയസ്സുളള ശാന്തയെന്ന സ്ത്രീയെ തന്ത്രിയുമായി ചേര്‍ത്ത് അപവാദം പറയാനാണ് പൊലീസ് ശ്രമിച്ചത്.
ഇവരുടെ ഭര്‍ത്താവ് നേരത്തേ ശബരിമലയിലെ ജോലിക്കാരനായിരുന്നു. ആ ബന്ധം വെച്ചാണ് ശാന്തയോട് ഒരു ജോലിക്കാരനെ കണ്ടുപിടിച്ചുനല്‍കാന്‍ തന്ത്രി ആവശ്യപ്പെട്ടത്. ഇവരെ അനാശാസ്യ പ്രവര്‍ത്തനത്തിന് തേവരയില്‍വെച്ച് അറസ്റ് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല.
സംഭവത്തെത്തുടര്‍ന്ന് തന്ത്രി മാനസിക പിരിമുറുക്കത്തിലായതിനാല്‍ ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് ഭാര്യയാണ് പരാതി തയ്യാറാക്കിയത്. പരാതി വ്യാജമാണെന്ന ഡിഐജിയുടെ പ്രസ്താവനയ്ക് ശേഷമല്ല പുതിയ പരാതി നല്‍കിയത്.
മോഹനരുടെ ചെയ്തികളില്‍ മുതിര്‍ന്ന തന്ത്രി മഹേശ്വരര് മാപ്പുപറഞ്ഞതായി ഒരു ചാനലില്‍ വന്ന വാര്‍ത്ത ശരിയല്ല. ജയമാല വിവാദവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അധിക്ഷേപിക്കുന്നതരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്.
കഴിഞ്ഞ ഒന്നു രണ്ട് മാസക്കാലമായി ശബരിമല വിവാദങ്ങളുടെ പിടിയിലാണ്. തന്ത്രിയെ അപവാദത്തില്‍ കുടുക്കി തേജോവധം ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ സത്പേര് നിലനിര്‍ത്താനും നിരപരാധിത്വം തെളിയിക്കാനുമാണ് തന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത് - അഭിഭാഷകര്‍ പറഞ്ഞു.












Click it and Unblock the Notifications