സ്മാര്‍ട്ട് സിറ്റി: ഒരു മാസത്തിനകം കരാര്‍
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി.പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് രണ്ടാഴ്ചകള്‍ക്കുളളില്‍ ഇന്റര്‍നെറ്റ സിറ്റി അധികൃതരെ അറിയിക്കുമെന്നും ഒരു മാസത്തിനകം പരസ്പരധാരണയുണ്ടാക്കി കരാറിലേര്‍പ്പെടുമെന്നും മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പ്രതിനിധി സംഘവുമായി ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ വെള്ളിയാഴ്ച വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ചില പുതിയ നിര്‍ദേശങ്ങളും ഡിഐസി അധികൃതര്‍ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച് ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ അവരെ രേഖാമൂലം അറിയിക്കും.
ചര്‍ച്ച വളരെ ശുഭകരമായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നമനസ്സോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും കമ്പനി പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
സംയുക്ത സംരഭം എന്ന നിലയില്‍ സ്മാര്‍ട്ട് സിറ്റി തുടങ്ങുകയാണെങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സംരഭം എന്ന നിലയില്‍ തുടങ്ങുകയാണെങ്കില്‍ സര്‍ക്കാര്‍ അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും. അതോടൊപ്പം തന്നെ മറ്റ് സമാന സംരംഭങ്ങള്‍ കൊച്ചിയില്‍ ഉണ്ടാവുകയും ചെയ്യും.
ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഡിഐസി അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. മറ്റ് ഐടി സംരംഭങ്ങള്‍ പാടില്ലെന്ന നിലപാടില്‍ മാറ്റം വരുത്താനും അവര്‍ തയ്യാറായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് ഡിഐസി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കാമെന്നും ഇവര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications