കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്വറിനെ സസ്പെന്‍ഡ് ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ വിദേശകാര്യമന്ത്രി കെ. നട്വര്‍സിങ്ങിനെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആഗസ്റ് എട്ട് ചൊവാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടി അച്ചടക്കസമിതിയാണ് ഈ തീരുമാനം എടുത്തത്.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചു. അടുത്തുതന്നെ കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കും. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. എ.കെ. ആന്റണിയുടെ അധ്യക്ഷതയിലുള്ള അച്ചടക്കസമിതിയാണ് ഈ തീരുമാനമെടുത്തത്.

2001 ജനുവരിയില്‍ ബാഗ്ദാദിലേക്ക് അയച്ച കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിന്റെ നേതാവ് എന്ന നിലയില്‍ തന്റെ അടുപ്പക്കാരുടെ വാണിജ്യതാത്പര്യങ്ങള്‍ക്കു വേണ്ടി പദവി ദുരുപയോഗം ചെയ്തുവെന്നതാണ് നട്വര്‍സിങ്ങിനെതിരായ ഒന്നാമത്തെ കുറ്റം.

കോണ്‍ഗ്രസ് പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെടാത്ത ആദിത്യ ഖന്ന, ആന്ദലീപ് സെഹ്ഗാള്‍ എന്നിവരെയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുമതിയില്ലാതെ സംഘത്തില്‍ ഉള്‍പ്പെടുത്തിയെന്നതാണ് മറ്റൊരു ആരോപണം. പാര്‍ട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്ക് എതിരെ സംസാരിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തുവെന്നതാണ് മൂന്നാമത്തെ കുറ്റം.

അച്ചടക്കസമിതിയുടെ തീരുമാനം പ്രതിരോധമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയാണ് പത്രലേഖകരെ അറിയിച്ചത്. നട്വര്‍സിങ്ങിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അനന്തരനടപടികള്‍ ഉണ്ടാവുകയെന്ന് അദ്ദേഹം അറിയിച്ചു.

ആന്റണിയുടെ അധ്യക്ഷതയില്‍ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന അച്ചടക്കസമിതി യോഗത്തില്‍ അംഗങ്ങളായ സുശീല്‍കുമാര്‍ ഷിന്‍ഡെ, മോട്ടിലാല്‍ വോറ, പ്രണബ് മുഖര്‍ജി എന്നിവരാണ് പങ്കെടുത്തത്.

ഇറാഖിലെ എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയനുസരിച്ചുള്ള കരാര്‍ സ്വന്തക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ നട്വര്‍സിങ്ങും രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയായ മകന്‍ ജഗത്സിങ്ങും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് പാഠക് അന്വേഷണ അതോറിറ്റി ഈയിടെ കുറ്റപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നട്വറിനെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതാണ് പെട്ടെന്ന് നട്വറിനെതിരെ നടപടിയെടുക്കാന്‍ കാരണമായത്. പാഠക് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതിനു മുമ്പ് ചോര്‍ന്നതിനുത്തരവാദി പ്രധാനമന്ത്രിയാണെന്നാരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X