പോലീസിന്റെ കുടുക്കില്‍ ബിജി വീണു
കൊച്ചി: തന്ത്രി കേസിലെ പ്രധാന പ്രതിയായ ബെച്ചു റഹിമാന്റെ സുഹൃത്ത് ബിജെയെ പൊലീസ് തന്ത്രപൂര്‍വമാണ് കുരുക്കിയത്. കഴിഞ്ഞ കുറെ ദിവസമായി ഈയാള്‍ക്ക് ബെച്ചുവില്‍ നിന്ന് കിട്ടുന്ന ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു.
തുടര്‍ന്നാണ് ഈയാളെ വലയില്‍ കുരുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഈയാളെ ടെലഫോണില്‍ വിളിച്ചാണ് പൊലീസ് വല ഒരുക്കിയത്. നിങ്ങള്‍ ബിജിയാണോ? അതെ എന്ന മറുപടി വന്നപ്പോള്‍ വീണ്ടും: നിങ്ങളുടെ ഒരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്നു. പനമ്പിള്ളി നഗര്‍ വരെ ഒന്നു വരണം. ബിജി വന്നു. പോലീസ് പിടിയിലായി.
ബിജിയുടെ സുഹൃത്ത് വാഹനാപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് റോഡില്‍ കിടക്കുകയാണെന്നു പറഞ്ഞ് വിളിച്ചത് ഒരു പൊലീസുകാരനായിരുന്നു. വഴിയരികില്‍ നിന്ന് ഒറ്റരൂപ തുട്ട് ഇട്ട് വിളിയ്ക്കുന്ന ബൂത്തില്‍ നിന്നാണ് പൊലീസ് ഈയാളെ വിളിച്ചത്. അതുകൊണ്ട് പൊലീസാണെന്ന് തിരിച്ചറിയാന്‍ ആയാള്‍ക്കായില്ല. പോലീസിന്റെ പദ്ധതി അറിയാതെ ബിജി പനമ്പിള്ളി നഗറില്‍ എത്തി. അപകടത്തില്‍പ്പെട്ടയാളെക്കുറിച്ച് തിരക്കിയ ബിജിയെ മഫ്തി വേഷത്തിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ കാണിച്ചുതരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി.
പോലീസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് താന്‍ കുടുങ്ങിയെന്ന വിവരം ബിജിക്ക് മനസ്സിലായത്. പിന്നീട് പോലീസ് ചോദിച്ചതിനെല്ലാം ബിജി കൃത്യമായി ഉത്തരം നല്‍കി. തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നും രക്ഷിക്കണമെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. സൂക്ഷിക്കാന്‍ ഏല്‍പിച്ച സ്യൂട്ട്കെയ്സ് കുത്തിത്തുറന്ന് മോതിരം എടുത്ത വിവരമുള്‍പ്പെടെ എല്ലാം ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
ചാവക്കാട് ടി.ടി. ദേവസി എന്ന പേരില്‍ ജ്വല്ലറി നടത്തി പൊളിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം പനമ്പിള്ളി നഗറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു ബിജി. ഫ്ളാറ്റില്‍ നിന്ന് ലഭിച്ചതില്‍ ഒരു മോതിരം ഇയാള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ചോദ്യംചെയ്യലിനെ തുടര്‍ന്ന് ഇത് പോലീസിന് തിരികെ കൊടുക്കുകയായിരുന്നു.












Click it and Unblock the Notifications