കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനമന്ത്രി ഇടപെടും

  • By Staff
Google Oneindia Malayalam News

ദില്ലി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള അനുമതി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ എന്നീകാര്യങ്ങളില്‍ കേന്ദ്രം നേരിട്ട് ഇടപെടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്നും സര്‍വ്വകക്ഷി സംഘത്തിന് ഉറപ്പു ലഭിച്ചു.

ഇക്കാര്യത്തില്‍ കേരളത്തിന് പ്രതീക്ഷനല്‍കുന്ന പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നു ലഭിച്ചതെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിന്റെയും തമിഴ്നാടിന്റെയും നിലപാടുകള്‍ പഠിച്ച് വിവരം അറിയിക്കാന്‍ കേന്ദ്ര ജലവിഭവ മന്ത്രിമാരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് പ്രശ്നത്തിലും ഉടന്‍ തീരുമാനമെടുക്കും. നിര്‍മ്മാണ കരാറിനുള്ള ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞശേഷം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വിഴിഞ്ഞം തുറമുഖ നിര്‍മ്മണത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ച കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അണക്കെട്ടുപ്രശ്നത്തില്‍ തമിഴ്നാടിനെ സഹകരിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇരുസംസ്ഥാനങ്ങളുടെയും നിലപാട് മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന ജലമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ തമിഴ്നാട് ജലവിഭവവകുപ്പിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ദുരൈമുരുകന്‍ എന്നിവരുമായി ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തും.

അണക്കെട്ടു പ്രശ്നം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണാനുമതി എന്നിവയ്ക്കു പുറമെ കേരളത്തില്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുകയെന്ന ആവശ്യവും സംഘം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പ്രശ്നം പ്രധാനമന്ത്രി കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.

വിശദാംശങ്ങളടങ്ങിയ മൂന്ന് നിവേദനങ്ങളും പ്രധാനമന്ത്രിയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തുമണിയ്ക്ക് കേരളഹൗസില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷിനേതാക്കള്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കും ഇരുപത്തിനാല് അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X