മുംബൈയില്‍ വാഹനാപകടത്തില്‍ 7 മലയാളികള്‍ മരിച്ചു
മുംബൈ: മുംബൈയിലെ മാന്‍ഗാവില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മലയാളി കുടുംബത്തിലെ ഏഴംഗങ്ങള്‍ മരിച്ചു.
ഗോവയില്‍ വിനോദയാത്രകഴിഞ്ഞ് മുംബൈയ്ക്കു മടങ്ങുന്നതിനിടയിലാണ് തിരുവല്ല സ്വദേശികളായി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
രണ്ടു കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതായതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
മുംബൈയില്‍ സ്ഥിരതാമസക്കാരായ പത്തനംതിട്ട മല്ലപ്പള്ളി വെസ്റ് തോപ്പില്‍ ഹൗസില്‍ അമ്മുക്കുട്ടി ജോണ്‍(71), മൂത്തമകന്‍ സണ്ണി എന്നുവിളിക്കുന്ന വര്‍ഗീസ് ജോണ്‍(43), വര്‍ഗീസിന്റെ സഹോദരന്‍ കുര്യന്‍ (സജി), വര്‍ഗീസിന്റെ ഭാര്യ ഷൈനി(37), മകന്‍ ജോയല്‍(9), കുര്യന്റെ ഭാര്യ ആനി, മകന്‍ ആരണ്‍ എന്നിവരാണ് മരിച്ചത്.
വര്‍ഗീസിന്റെ മൂത്തമകന്‍ ബെന്‍ (14), കുര്യന്റെ മകള്‍ റിയ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ അപകടനിലയിലല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മധ്യറയില്‍വേയില്‍ അക്കൗണ്ടന്റാണ് വര്‍ഗീസ് ജോണ്‍. ഭാര്യ ഷൈനി മുംബൈയിലെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയാണ്. കുര്യന്‍ കപ്പല്‍ ജീവനക്കാരനാണ്. ഭാര്യ ആനി ഡല്‍ഹി പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്ററാണ്.
ബോറിവ്ലി എക്സാര്‍ റോഡ് യോഗി നഗര്‍ ഗ്രീക്ക് വ്യൂ 303 വീട്ടിലാണ് വര്‍ഗീസും കുടുംബവും താമസിക്കുന്നത്. നെരൂള്‍ സെക്ടര്‍ 19 എ ലന്യാത്രീ സൊസൈറ്റിയിലായിരുന്ന കുര്യനും കുടുംബവും താമസിച്ചിരുന്നത്.












Click it and Unblock the Notifications