ഭക്തിയുടെ നിറവില്‍ വീണ്ടുമൊരു തെയ്യക്കാലം
കണ്ണൂര്‍: വര്‍ണ്ണക്കാഴ്ചയുടെയും ഭക്തിയുടെയും അപൂര്‍വ്വമായ കാഴ്ചകളൊരുക്കിക്കൊണ്ട് കണ്ണൂരിലെ കാവുകളില്‍ വീണ്ടും തെയ്യക്കാലത്തിന് തുടക്കമായി. തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ തുലാമാസത്തോടെയാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
തുലാമാസം പിറന്നാല്‍പ്പിന്നെ ഇവിടത്തെ തെയ്യം കലാകാരന്മാര്‍ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്.
മഴക്കാലം തെയ്യം കലാകാരന്‍മാരെ സംബന്ധിച്ച് തീര്‍ത്തും വിശ്രമത്തിന്റെ കാലമാണ്. വ്യത്യസ്തമായ ദേവതാസങ്കല്‍പ്പങ്ങള്‍ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരങ്ങളുമായാണ് ഓരോ തെയ്യങ്ങളും ഭക്തര്‍ക്കു മുമ്പിലെത്തുന്നത്.
ചുവപ്പും കറുപ്പും പോലുള്ള കടുംചായക്കൂട്ടുകളും വസ്ത്രങ്ങളും കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളുമായി മനുഷ്യന്‍ സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനാരൂപങ്ങള്‍ ഒരു കൂട്ടായ്മയുടെ മുഴുവന്‍ പൈതൃകത്തിന്റെ ഭാഗമാണ്.
വെറും ഒരു അനുഷ്ഠാന നൃത്തം എന്നതിലുപരി ഈയടുത്തകാലത്തായി തെയ്യത്തിന് ഒട്ടേറെ പ്രസക്തി കൈവന്നിട്ടുണ്ട്. വിദേശീയരായ വിനോദസഞ്ചാരികള്‍ക്കിടിയില്‍ തെയ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങിയതോടെയാണ് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ തെയ്യമെന്ന അനുഷ്ഠാനനൃത്തരൂപത്തിന് അനന്തമായ സാധ്യതകളുണ്ടെന്ന് അധികൃതര്‍ മനസ്സിലാക്കിയത്.
അതുകൊണ്ടുതന്നെ തെയ്യം കെട്ടുന്ന പരമ്പരാഗത സമുദായങ്ങളിലെ പുതിയ തലമുറയും ഒട്ടും സങ്കോചമില്ലാതെ തെയ്യംകെട്ടിയാടാന്‍ മുന്നോട്ടുവരുന്നുണ്ട്.
കേരളത്തിലെ തനതുകലകളുടെ സംരക്ഷണത്തിനും അവയെക്കുറിച്ചുള്ള പഠനത്തിനുമായി സ്ഥാപിക്കപ്പെട്ട കേരള ഫോക്ലോര്‍ അക്കാദമി വഴി മുതിര്‍ന്ന തെയ്യം കലാാകരന്മാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനും സര്‍ക്കാര്‍ താല്പര്യം കാണിയ്ക്കുന്നുണ്ട്.
ഒരു തനതുകലയെന്നോ ആരാധാനാ രീതിയെന്നോ ഉള്ള നിലയില്‍ ഒതുങ്ങിപ്പോകാതെ ആസ്വാദ്യമായ ഒരു കാലാരൂപമായി ഒരു പ്രദേശത്തിന്റെയാകെ സാംസ്കാരിക ബിംബമായി ഇതുമാറാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമായി.
തുലാമാസത്തില്‍ ഉത്സവകാലം ആരംഭിച്ചാല്‍ പിന്നെ ഇടവമാസം പകുതിയോടെ കളരിവാതുക്കള്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടുകൂടിയാണ് ഉത്സവകാലം അവസാനിയ്ക്കുക.












Click it and Unblock the Notifications