കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്: സാരഥികളെത്തേടി പാര്‍ട്ടികള്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടി നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിവിധ പാര്‍ട്ടികള്‍ പടയൊരുക്കം തുടങ്ങി. മത്തായി ചാക്കോ എംഎല്‍എയുടെ നിര്യാണത്തിന് ശേഷം ഏറെവൈകാതെതന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അച്യുതാനന്ദന്‍ സര്‍ക്കാറിനോടുള്ള ജനവികാരം അളക്കാനുള്ള ആദ്യ അവസരം കൂടിയായിരിക്കും ഈ ഉപതിരഞ്ഞുെടപ്പ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ യുഡിഎഫ് കോട്ടയെന്നായിരുന്നു തിരവമ്പാടി പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 5479 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിപിഎമ്മിലെ യുവനേതാവും അച്യുതാനന്ദന്‍ പക്ഷക്കാരനുമായ മത്തായി ചാക്കോ വിജയിച്ചത് സിപിഎമ്മിനെപ്പോലും അത്ഭുതപ്പെടുത്തിയെന്നതില്‍ അതിശയോക്തിയില്ല.

അതുകൊണ്ടുതന്നെ ഈ വിജയം നിലനിര്‍ത്തുക എന്നതാണ് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. മത്തായി ചാക്കോയെപ്പോലെ സമ്മതനായ ഒരാളെ കണ്ടെത്തുകയെന്നതും പാര്‍ട്ടിയെ സംബന്ധിച്ച് ശ്രമകരമാണ്. പുറമെനിന്നൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുകയെന്ന കാര്യം പാര്‍ട്ടി പരിഗണിക്കാനിടയില്ല. മണ്ഡലത്തിനകത്തുനിന്നുതന്നെ ഒരാളെ കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം.

ഇങ്ങനെ നോക്കുമ്പോള്‍ തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോര്‍ജ് എം തോമസോ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ കെ. മൂസക്കുട്ടിയോ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനസമ്മതനായ സ്വതന്ത്രനെ ഇറക്കാനുള്ള നീക്കവും തള്ളിക്കളയാന്‍ കഴിയില്ല.

എന്‍സിപി ലയനത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന ഇന്ദിരാ കോണ്‍ഗ്രസിന്റെ നിലപാട് ഇടതുസ്ഥാനാര്‍ത്ഥിയുടെ സാധ്യതയില്‍ നിര്‍ണ്ണായകമാകാനിടയുണ്ട്. മുമ്പ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയാണ് ഇവിടെ സ്ഥിരമായി മത്സരിച്ചുകൊണ്ടിരുന്നത്. പിന്നീട് ഈ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

മുസ്ലിം ലീഗില്‍ നിന്നായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ തീരഞ്ഞെടുക്കാന്‍ ലീഗ് മുമ്പേ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച പാണക്കാട്ടു ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യവും ചര്‍ച്ചചെയ്തിരുന്നു. മണ്ഡലത്തില്‍ നിന്നുതന്നെയുള്ള ആളെ സ്ഥാനാര്‍ത്ഥിയാക്കുക എന്നതാണ് ലീഗിന്റെയും താല്പര്യം.

നേരത്തേ ഇവിടെനിന്നും വിജയിച്ച സി. മോയിന്‍കുട്ടിയെയോ താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍ട്ടി നിയോജക മണ്ഡലം സെക്രട്ടറിയുമായ വി.എം ഉമ്മറോ ആയിരിക്കും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുക. നേരത്തേ മുന്‍ മന്ത്രിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ മണ്ഡലത്തില്‍നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തീരുമാനിക്കുകയായിരുന്നു. ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേയ്ക്കുമെന്നാണ് അറിയുന്നത്.

കാര്യമായ അവകാശ വാദങ്ങളൊന്നും ഉന്നയിക്കാനില്ലെങ്കിലും ബിജെപിയും മത്സരരംഗത്ത് സജീവമാകും. ഇതുവരെ നടന്ന എട്ടുതിരഞ്ഞെടുപ്പുകളില്‍ ഏഴിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. ഇതില്‍ത്തന്നെ നാലു തവണ കോണ്‍ഗ്രസും, മൂന്നുതവണ ലീഗുമായിരുന്ന വിജയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X