കോള നിരോധനം: ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കി
ദില്ലി: കൊക്കക്കോളക്ക് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി.
കോള നിരോധനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ഖണ്ഡിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളില്‍ വിഷാംശം കണ്ടെത്തിയാല്‍ അത് നിരോധിക്കാന്‍ മായം ചേര്‍ക്കല്‍ നിരോധന നിയമത്തിലെ 7(1) വകുപ്പനുസരിച്ച് സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഫുഡ് അനലിസ്റുകള്‍ കൊക്കോക്കോളയടക്കമുള്ള ലഘുപാനീയങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അവയില്‍ വിഷാംശമുണ്ടെന്ന കാര്യം വ്യക്തമായിട്ടുണ്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ പഠനത്തിലും കോളയില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കോള നിരോധനം കൊണ്ടുവന്നത്.
കോള നിരോധിച്ചുകൊണ്ട് ആഗസ്റ് 11ന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് താല്‍ക്കാലികമാണ് . കേന്ദ്ര ഭക്ഷ്യ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാന്‍ പരാഗ് കേസില്‍ സുപ്രിം കോടതി നേരത്തേ പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെടുത്തിയാണ് കോള നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി പ്രസ്താവിച്ചത്. എന്നാല്‍ പാന്‍ പരാഗ് കേസില്‍ മായം ചേര്‍ക്കല്‍ നിരോധന നിയമത്തിലെ 7(4) വകുപ്പ് പ്രാകരമുള്ള അധികാരമാണ് നിര്‍വ്വചിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സ്റാന്റിംഗ് കൗണ്‍സല്‍ ജി. പ്രകാശാണ് തിങ്കളാഴ്ച ഹര്‍ജി ഫയല്‍ചെയ്തത്.












Click it and Unblock the Notifications