ചീഫ് സെക്രട്ടറിയ്ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു
തിരുവന്തപുരം: കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന് അര്‍ഹമായ നഷ്ടപരിഹാരത്തുക സമയത്ത് നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിന് ചീഫ് സെക്രട്ടറിയ്ക്കെതിരെ പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് വാറന്റ് പുറപ്പെടുവിച്ചു.
ഇതുമായി ബന്ധപ്പെട്ട് കോടതി കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു ശേഷവും ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകാത്തതിന്റെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എസ്.എസ് വാസന്‍ വാറന്റ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിക്കു വേണ്ടി കോടതിയില്‍ ഹാജരായ സൂപ്പരിന്റെന്റിംഗ് എഞ്ചിനീയര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ പന്തളം ബ്രാഞ്ച് കനാലിലേയ്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയായ സ്വകാര്യ കോണ്‍ട്രാക്ടര്‍ അബ്രഹാം അബ്രഹാം എന്നയാള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
പലിശയടക്കം 7.5ലക്ഷം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അബ്രഹാമിന് നഷ്ടം വന്നത്. കരാര്‍ പ്രകാരം മൂന്ന് മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍ ജലസേചന വകുപ്പ് അത്യാവശ്യ സഹായം നല്‍കാത്തതിനെത്തുടര്‍ന്ന് പണി കാലാവധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഇതുമായി ബന്ധപ്പെട്ട് 2004 നവംബറില്‍ അബ്രഹാമിന് 3.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചു. ഇതിനെതിരെ 2005 സെപ്തംബറില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി കോടതി തള്ളി.
പിന്നീട് 2006 സെപ്തംബറില്‍ തുക അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. അതിന് ശേഷവും സര്‍ക്കാര്‍ തുക അനുവദിയ്ക്കുകയുണ്ടായില്ല. അതിനെത്തുടര്‍ന്നാണ് കോടതി ഷോകോസ് നോട്ടീസും തുടര്‍ന്ന് വാറന്റും പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications