പേര്യമരം മുറി കേസ് : ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേചെയ്തു
ദില്ലി: പേര്യ മരംമുറി കേസില്‍ സ്വകാര്യവ്യക്തിക്ക് അനുകൂലമായ കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റേ ചെയ്തു. മുറിച്ച മരത്തിന്റെ ലേല തുകയായി കിട്ടിയ പണം സ്വകാര്യ വ്യക്തിക്ക് നല്‍കണമെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി സ്റേ ചെയ്തു.
മുറിച്ചു മാറ്റിയ മരം നിന്നിരുന്ന ഭൂമി വനം മേഘലയാണെന്ന സര്‍ക്കാര്‍ വിജ്ഞാപനം നേരത്തെ ഹൈക്കോടതി അസാധുവാക്കിയിരുന്നു. 2000-ല്‍ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പേര്യയില്‍ നിന്നും കുന്നക്കാട് മുസ്തഫ എന്നയാളാണ് മരം മുറിച്ചത്.
വന ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നാരോപിച്ച് നാച്ചുറല്‍ ലവേഴ്സ് എന്ന സംഘടന കോടതിയെ സമീപിയ്ക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം മരം കണ്ടുകെട്ടി ലേലം ചെയ്ത് പണം കോടതിയില്‍ കെട്ടിവയ്ക്കുകയുമായിരുന്നു. ഒന്നരക്കോടി രൂപയായിരുന്നു ലേലത്തുകയായി കിട്ടിയത്.
പേര്യയിലെ 20 ഹെക്ടര്‍ ഭൂമി വനഭൂമിയാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ 2000ല്‍ വിജ്ഞാപനം കൊണ്ടു വന്നു. ഈ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം തളളിയ ഹൈക്കോടതി ലേല തുക തിരികെ കിട്ടാനായി കോടതിയില്‍ അപേക്ഷ കൊടുത്താല്‍ മതിയെന്നും വ്യക്തമാക്കി.
ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications