കുടിയിറക്കാന്‍ ശ്രമിച്ചാല്‍ മുത്തങ്ങ ആവര്‍ത്തിയ്ക്കും: ഗീതാനന്ദന്‍
കണ്ണൂര്‍: ആറളം ഫാമില്‍ കുടിയേറിയ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ ശ്രിമിച്ചാല്‍ മുത്തങ്ങ സംഭവം ആവര്‍ത്തിയ്ക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭയും സഭയുടെ രാഷ്ട്രീയ സംഘടനയായ രാഷ്ട്രീയ മഹാസഭയും മുന്നറിയിപ്പ് നല്‍കി.
ഹൈക്കോടതി ഉത്തരവ് പ്രാകാരം ഫാമില്‍ നിന്ന് ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അധികൃതരെ അനുവദിക്കില്ല. കുടിയിറക്കു നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്ന ഒരു സാഹചര്യമുണ്ടായാല്‍ മറ്റൊരു മുത്തങ്ങ ആവര്‍ത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആദിവാസി ജനവിഭാഗം ഒരുങ്ങിക്കഴിഞ്ഞു- രാഷ്ട്രീയ മഹാസഭാ ജനറല്‍ സെക്രട്ടറി എം. ഗീതാനന്ദന്‍ പറഞ്ഞു.
ആറളം ഫാമിലുള്ള മുഴുവന്‍ ഭൂമിയും ആദിവാസികള്‍ക്ക് പതിച്ചുനല്‍കണം. ഇപ്പോള്‍ ഫാമിലെ 3,500 ഏക്കര്‍ ഭൂമി മാത്രമാണ് പുരനധിവാസത്തിനായി വിട്ടുനല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് 2,200 കുടുംബങ്ങള്‍ക്കുള്ളത് മാത്രമേ ആകുന്നുള്ളു. വയനാട്ടില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള ആറായിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ ഭൂമി ലഭിക്കുന്നതിനായി ഇതിനകം തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്.
ജില്ലാ അധികൃതര്‍ 840 കുടുംബങ്ങള്‍ക്ക് മാത്രമാണ് ആറളം ഫാമില്‍ നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ ഔദ്യോഗിക ഉത്തരവിന് കാത്തുനില്‍ക്കാതെ ഫാം കയ്യേറേണ്ടിവരുന്ന ഒരവസ്ഥയിലേയ്ക്ക് ഭൂമിയില്ലാത്ത ആദിവാസികള്‍ എത്തിയിരിക്കുകയാണ്.
ഇക്കാര്യങ്ങളൊന്നും വേണ്ടവിധം പരിഗണിക്കാതെയാണ് ഈ പ്രശ്നത്തില്‍ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ രാഷ്ട്രീയഗൂഡാലോചനയുടെ ഫലമാണ്. ഇവിടെ വിനോദ സഞ്ചാര കേന്ദ്രം പണിയുന്നത് വഴി ആറളം ഫാം പാര്‍ട്ടിയുടെ അധീനതയിലാക്കി മാറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- ഗാതാനന്ദന്‍ ആരോപിച്ചു.
പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം എന്നനിലയില്‍ ഡിസംബര്‍ 19ന് ആദിവാസികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ഇതേദിവസം തന്നെ മുത്തങ്ങ-ആറളം ആദിവാസി സോളിഡാരിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നിലും ധര്‍ണ്ണ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഗീതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications